വെള്ളം ഇറങ്ങി വീട് വൃത്തിയാക്കുന്നവര്‍ക്ക് കെ.എസ്.ഇ.ബി മുന്നറിയിപ്പ്
Update: 2018-08-18 07:36 GMT
വെള്ളം ഇറങ്ങി വീട് വൃത്തിയാക്കുന്നവര്‍ക്കുളള മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. രണ്ട് ദിവസത്തെ കനത്ത മഴക്ക് ശേഷം ചിലയിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. വെള്ളം ഇറങ്ങിയതിനാല്‍ തന്നെ വീടെത്താനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ മറ്റൊരു അപകടം ക്ഷണിച്ചുവരുത്തും. ഇത് സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്.
- വീട്ടിലെ മെയിൻ സ്വിച്ച് ഓൺ ആണെങ്കിൽആദ്യം മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.അതിനു ശേഷം വീട് വൃത്തിയാക്കുക.
- വീട്ടിലെ വയറിംഗ് സംവിധാനം, സ്വിച്ചുകൾ, പ്ലഗ് പോയിൻറുകൾ , വയറിംഗ് തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക.
- എന്തെങ്കിലും കേടുപാട് കണ്ടെത്തിയാൽ സ്വയം നന്നാക്കാൻ ശ്രമിക്കാതെ ഇലക്ട്രീഷ്യൻമാരെ വിളിച്ചു കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. മീറ്റർ ബോർഡ് നോക്കി അവിടെ വെള്ളം കയറിയതായി ബോധ്യപ്പെട്ടാൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അറിയിക്കുക.
- വീട്ടിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ ഇല്ലാത്ത വീടുകളിൽ അവ സ്ഥാപിക്കുന്നത് വൈദ്യുതി സുരക്ഷ വർദ്ധിപ്പിക്കും.
- വെള്ളം കയറിയ വൈദ്യുതി ഉപകരണങ്ങൾ ആവശ്യമായ പരിശോധന നടത്തി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.