കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയത്. ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ആവശ്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേരളത്തിന്റെ പ്രളയ ദുരന്തത്തെ ദേശീയ ദുരന്തമെന്ന് നിയമപരമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദേശീയദുരന്ത നിവാരണ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എത്ര വലുതാണെങ്കിലും ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക് പ്രയോഗം മാത്രമാണിതെന്നും ഇതിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കേരളത്തിലുണ്ടായിട്ടുള്ളത് ഗുരുതരമായ ദുരന്തമാണെന്ന്. അതിനാലാണ് ദേശീയദുരന്ത നിവാരണ മാര്‍ഗ നിര്‍ദേശ പ്രകാരം ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലെവല്‍ മൂന്ന് വിഭാഗത്തിലാണ് കേരളത്തിലെ പ്രളയ ദുരന്തത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സൈനിക സേവനം ഉള്‍പ്പെടെ എല്ലാത്തരം സഹായവും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ദുരന്ത മേഖലകള്‍ നേരില്‍ സന്ദര്‍ശിച്ച് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്കെത്താന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ചും അല്ലാതെയും നിര്‍വഹിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.