ദുരിത ബാധിതരെ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താം; നഷ്ടപരിഹാരത്തിനായി ചെയ്യേണ്ടത് ഇവയാണ്

വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ, മതിൽ ഇടിഞ്ഞുവീഴൽ, കൊടുങ്കാറ്റ്‌ മുതലായ പ്രകൃതി ദുരന്തങ്ങളെല്ലാം തന്നെ കവർ ചെയ്യുന്നത്‌ ഫയർ ഇൻഷുറൻസ്‌ പോളിസിയിലാണ്

Update: 2018-08-20 05:10 GMT
Advertising

മഴയെടുത്തത് നമ്മുടെ ജീവിതങ്ങളാണ്...അതില്‍ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ ഇല്ല..വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് സ്വന്തമാക്കിയ പലതും കനത്ത മഴയില്‍ ഭൂരിഭാഗം പേര്‍ക്കും നഷ്ടപ്പെട്ടു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരികെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച പോലും ഹൃദയം പിളര്‍ക്കുന്നതാണ്. അതില്‍ വീട് നഷ്ടപ്പെട്ടവരുണ്ട്, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, കൃഷി എന്നിവയും നഷ്ടമായവരുണ്ട്. ചിലര്‍ക്ക്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതെങ്ങിനെ ലഭിക്കുമെന്ന് കാര്യം പലര്‍ക്കും അറിവുള്ളതല്ല. ദുരന്തം അനുഭവിച്ച ഓരോ പോളിസി ഉടമയും നഷ്ടപരിഹാരത്തിന് അര്‍ഹരാണ്.

ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇൻഷുറൻസ്‌ റെഗുലേറ്ററായ ഐ.ആർ.ഡി.എ.യും വിവിധ ഇൻഷുറൻസ്‌ കമ്പനികളും ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ വായ്പ എടുക്കുമ്പോൾ വാഹനം, വീട്‌, ബിൽഡിങ്‌, ഫാക്ടറികൾ, സ്റ്റോക്ക്‌, കന്നുകാലികൾ, കൃഷി മുതലായവ അതത്‌ സ്ഥാപനങ്ങൾ തന്നെ ഇൻഷുർ ചെയ്യുക പതിവാണ്‌. ഈ പോളിസികൾ മിക്കവാറും അതത്‌ ധനകാര്യ സ്ഥാപനങ്ങളിൽ തന്നെയായിരിക്കും സൂക്ഷിക്കുക. അതിനാൽ വായ്പ എടുത്തവർക്ക്‌ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആദ്യമായി ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ പോളിസികൾ ഏതെന്നും എത്രത്തോളം ഇൻഷുർ ചെയ്തിട്ടുണ്ടെന്നും മനസിലാക്കി വേണം ക്ലെയിമിനായി അപേക്ഷ നൽകേണ്ടത്‌.

ലൈഫ്‌ ഇൻഷുറൻസ്‌ പോളിസി

സ്വാഭാവിക മരണം, അപകട മരണം എന്നിവ കവർ ചെയ്യുന്നത്‌ ലൈഫ്‌ ഇൻഷുറൻസ്‌ പോളിസിയിലും അപകട മരണം, അംഗവൈകല്യം മുതലായവ കവർ ചെയ്യുന്നത്‌ അപകട ഇൻഷുറൻസ്‌ പോളിസിയിലുമാണ്‌. നിങ്ങൾക്ക്‌ എത്ര പോളിസികൾ ഉണ്ടെങ്കിലും ഈ രണ്ടിലും മുഴുവൻ പോളിസി തുകയും ലഭിക്കാൻ അർഹതയുണ്ട്‌. വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ, മതിൽ ഇടിഞ്ഞുവീഴൽ, കൊടുങ്കാറ്റ്‌ മുതലായ പ്രകൃതി ദുരന്തങ്ങളെല്ലാം തന്നെ കവർ ചെയ്യുന്നത്‌ ഫയർ ഇൻഷുറൻസ്‌ പോളിസിയിലാണ്‌.

വാഹനങ്ങള്‍ക്ക് നഷ്ടം സംഭവിച്ചാല്‍

വാഹനങ്ങൾക്ക്‌ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ചാൽ പാക്കേജ്‌ പോളിസിയിൽ ഇൻഷുർ ചെയ്തവർക്ക്‌ നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ട്‌. വ്യാപാര സ്ഥാപനങ്ങളിലും ഫാക്ടറികളിലും ഗോഡൗണിലും മറ്റും വെള്ളം കയറി ഉണ്ടാവുന്ന നാശനഷ്ടങ്ങളും ഫയർ പോളിസിയിൽ കവർ ചെയ്യുന്നുണ്ട്‌. കൃഷിക്കാർക്ക്‌ വിളകൾക്ക്‌ ക്ലെയിം ലഭ്യമാവുന്നത്‌ കാലാവസ്ഥാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്‌. അതായത്‌, പതിവിനേക്കാൾ കൂടുതൽ മഴ ഉണ്ടായാൽ ക്ലെയിം ലഭിക്കുമെന്നതാണ്‌ കണക്ക്‌.

മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടോ?

മൃഗങ്ങളെ ഇൻഷുർ ചെയ്തവർക്കാണെങ്കിൽ അവ അപകടത്തിൽപ്പെട്ട്‌ മരണമടഞ്ഞാൽ നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ട്‌. പോളിസി ക്ലെയിം ചെയ്യാൻ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ ഒരുപക്ഷേ, പോളിസി രേഖയും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്‌. മാത്രമല്ല, പോളിസിക്ക്‌ നാശം സംഭവിച്ചവർ, പോളിസി രേഖകൾ ധനകാര്യ സ്ഥാപനത്തിലുള്ളവർ എന്നിവരും നമുക്കിടയിൽ ഉണ്ട്‌. അതിനാൽ നിങ്ങൾ ഏത്‌ സ്ഥാപനത്തിൽ നിന്നാണോ വായ്പ എടുത്തത്‌ ആ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ പോളിസി കോപ്പി കരസ്ഥമാക്കണം. അഥവാ പോളിസി എടുത്ത ഇൻഷുറൻസ്‌ കമ്പനി, എടുത്ത മാസം, ഏതുതരം പോളിസി എന്നിവ ഓർമയുണ്ടെങ്കിൽ ഈ വിവരങ്ങൾ ഇൻഷുറൻസ്‌ കമ്പനിക്ക്‌ നൽകിയാൽ പോളിസി വിവരങ്ങൾ കണ്ടുപിടിക്കാനാകും.

നഷ്ടപരിഹാരത്തിനായി ചെയ്യേണ്ടത്

നഷ്ടപരിഹാരത്തിനായി ആദ്യം നൽകേണ്ടത്‌ ക്ലെയിം ഫോമിനുള്ള അപേക്ഷയാണ്‌. ക്ലെയിം ഫോം കിട്ടിയാൽ അതിൽ എന്തിനാണോ നഷ്ടപരിഹാരത്തുക ലഭിക്കേണ്ടത്‌, അതിന്റെ ‘എസ്റ്റിമേറ്റും’ നഷ്ടം സംഭവിച്ചതിന്റെ വിശദവിവരങ്ങളും നൽകണം. നഷ്ടപ്പെട്ട വസ്തുവഹകളുടെ ഫോട്ടോ, വീഡിയോ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അതുകൂടി നൽകിയാൽ നഷ്ടപരിഹാരത്തുക തീർപ്പാക്കാൻ സഹായകരമായിരിക്കും. മിക്കവാറും എല്ലാ ഇൻഷുറൻസ്‌ കമ്പനികളും ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നിങ്ങൾക്ക്‌ അർഹമായ ക്ലെയിം തുക നൽകാതെ വിലപേശൽ നടത്തുന്നത്‌ ആരായാലും, അതിന്‌ വഴങ്ങരുത്‌. പക്ഷേ, ശരിയായ തുകയ്ക്ക്‌ ഇൻഷുർ ചെയ്യാതിരിക്കുകയോ, പോളിസിയുടെ പരിധിയിൽ വരാത്ത കാര്യങ്ങൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ക്ലെയിമുകൾ നിഷേധിക്കുകയോ, കുറഞ്ഞ തുകയ്ക്ക്‌ ക്ലെയിം തീർപ്പാക്കുകയോ ചെയ്യാൻ കമ്പനികൾക്ക്‌ അധികാരമുണ്ട്‌.

വീട്‌, കെട്ടിടം, മെഷീനറി എന്നിവ ക്ലെയിം ചെയ്യാനായി എസ്റ്റിമേറ്റ്‌ തയ്യാറാക്കണം. സ്റ്റോക്കിനാണെങ്കിൽ സ്റ്റോക്ക്‌ രജിസ്റ്റർ, ഇൻവോയിസ്‌ എന്നിവ മതി. വാഹനത്തിനാണെങ്കിൽ എസ്റ്റിമേറ്റ്‌ നിർബന്ധമായും വേണം. അപകടമരണം സംഭവിച്ചാൽ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവ ഒഴിവാക്കാനും ബന്ധപ്പെട്ട അധികാരികൾക്ക്‌ സാധിക്കുന്നതാണ്‌.

Tags:    

Similar News