ചളികെട്ടി മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞ് വീഴാറായ വീടുകള്‍; ദുരിതമൊഴിയാതെ ആദിവാസികള്‍
കൃഷിയാവശ്യത്തിന് കരുതിവെച്ചിരുന്ന വിത്തുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ എല്ലാം ഇവര്‍ക്ക് നഷ്ടമായി. മഴയില്‍ പ്രദേശത്തെ കൃഷി പാടെ നശിച്ചതോടെ ഇവര്‍ക്ക് ഇപ്പോള്‍ പണിയില്ലാതായി.
മഴമാറി വീടുകളിലേക്ക് തിരിച്ചെത്തിയിട്ടും ദുരിതമൊഴിയാതെ വയനാട്ടിലെ ആദിവാസി കോളനികള്‍. പുതുശ്ശേരി കടവ് തേര്‍ത്ത്കുന്ന് ആദിവാസി കോളനിയിലെ പലര്‍ക്കും വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ചെറിയ സഹായങ്ങള്‍ മാത്രമാണ് ഇവര്‍ക്കിപ്പോള്‍ ഏക ആശ്വാസം.
മഴക്കാലത്ത് പണിയില്ലാതെ വറുതിയിലാവാറുണ്ടെങ്കിലും കുടിലുകളില്‍ വെള്ളം കയറുന്ന ദുരവസ്ഥ ഇതുവരെ തേര്‍ത്ത്കുന്ന് കോളനി നിവാസികള്‍ക്കുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ വെള്ളം ഇരച്ച് കയറി. വെള്ളമിറങ്ങിയതോടെ ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ ജീവിതം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. മഴയില്‍ കുതിര്‍ന്ന് പല വീടുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.
ചളി കെട്ടി നില്‍ക്കുന്നതിനാല്‍ പല വീടുകളും വാസയോഗ്യമല്ലാതായി. കൃഷിയാവശ്യത്തിന് കരുതിവെച്ചിരുന്ന വിത്തുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ എല്ലാം ഇവര്‍ക്ക് നഷ്ടമായി. മഴയില്‍ പ്രദേശത്തെ കൃഷി പാടെ നശിച്ചതോടെ ഇവര്‍ക്ക് ഇപ്പോള്‍ പണിയില്ലാതായി.
മഴയില്‍ കോളനിയിലേക്കുള്ള വഴി ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ചളിയും മാലിന്യവും കെട്ടിനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. പലസംഘടനകളും ജില്ലയിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ സഹായങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.