കാളിക്കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കിയത് അന്‍വര്‍
ചുറ്റും വെള്ളം പൊങ്ങുകയും ശ്മശാനത്തിലേക്ക് പോലും യാത്ര അസാധ്യമാകുകയും ചെയ്തപ്പോഴാണ് അന്‍വര്‍ തന്‍റെ കാരുണ്യ ഹസ്തം നീട്ടിയത്.
അയല്‍വാസിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കിയ മലപ്പുറം മറ്റത്തൂരങ്ങാടിയിലെ അന്‍വറിനെ കുറിച്ചാണ് വാര്‍ത്ത. ചുറ്റും വെള്ളം പൊങ്ങുകയും ശ്മശാനത്തിലേക്ക് പോലും യാത്ര അസാധ്യമാകുകയും ചെയ്തപ്പോഴാണ് അന്‍വര്‍ തന്‍റെ കാരുണ്യ ഹസ്തം നീട്ടിയത്.
കടലുണ്ടിപ്പുഴ കരകവിയുകയും മറ്റത്തൂരങ്ങാടി വെള്ളത്തില്‍ മുങ്ങുകയും ചെയ്ത ദിവസങ്ങളിലൊന്നിലാണ് കാളിക്കുട്ടി മരിച്ചത്. വെള്ളക്കെട്ട് മൂലം വീട്ടുവളപ്പില്‍ സംസ്കരിക്കുക സാധ്യമായിരുന്നില്ല. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ശ്മശാനത്തിലേക്കുള്ള വഴിയും തടസപ്പെട്ടു. ഈ ഘട്ടത്തിലാണ് അയല്‍വാസി അന്‍വര്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കാളിക്കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി വിട്ടു നല്‍കിയത്.
മൃതദേഹം സംസ്കരിക്കാതിരുന്നാല്‍ ദൈവത്തിനു മുന്‍പില്‍ സമൂഹം മുഴുവന്‍ കുറ്റക്കാരായി മാറുമെന്ന മറ്റത്തൂര്‍ മസ്ജിദ് ഇമാമിന്‍റെ വാക്കുകളാണ് അന്‍വറിന്‍റെ മനസ്സിളക്കിയത്. ഈ പ്രളയകാലത്ത് സകലമാന മനുഷ്യര്‍ക്കും പ്രചോദനമായി മാറിയ നിരവധി പേരുണ്ട്. ആ കൂട്ടത്തില്‍ അന്‍വറും ഉള്‍പ്പെടുകയാണ്.