കുട്ടനാട് മേഖലയില്‍ ശുചീകരണയജ്ഞം അവസാനഘട്ടത്തിലേക്ക്
എഴുപത് ശതമാനം വീടുകളിലെയും ശുചീകരണം ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍. ക്യാമ്പുകളില്‍ കഴിയുന്നവരെ നാളെ വൈകുന്നേരത്തിനുള്ളില്‍ കുട്ടനാട്ടില്‍ പുനരധിവസിപ്പിക്കാന്‍..
കുട്ടനാട് മേഖല ശുചീകരിക്കുന്നതിനായി ഇന്നലെ ആരംഭിച്ച യജ്ഞം ഇന്നും തുടരും. ക്യാമ്പുകളില്‍ കഴിയുന്നവരെ നാളെ വൈകുന്നേരത്തിനുള്ളില്‍ കുട്ടനാട്ടില്‍ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എഴുപത് ശതമാനം വീടുകളെങ്കിലും ഇന്ന് വൈകീട്ടോടെ ശുചീകരിച്ചെടുക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
കുട്ടനാട്ടില്‍ നിന്നുള്ള അമ്പതിനായിരം സന്നദ്ധ പ്രവര്‍ത്തകര്‍ക്കു പുറമെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരം പേരും ജില്ലയ്ക്ക് പുറത്തു നിന്ന് അയ്യായിരം പേരുമാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. കാവാലം, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിലേക്കുള്ളവരെ ആലപ്പുഴയില്‍ നിന്ന് ബോട്ടുമാര്‍ഗവും ബാക്കിയുള്ള പഞ്ചായത്തുകളിലേക്കുള്ളവരെ റോഡുമാര്‍ഗവുമാണ് കഴിഞ്ഞ ദിവസം അതാതിടങ്ങളില്‍ എത്തിച്ചത്. ഇന്നും അതേ രീതി തുടരും.
മന്ത്രിമാരായ തോമസ് ഐസക് പുളിങ്കുന്നിലും, ജി സുധാകരന്‍ കൈനകരിയിലും, പി തിലോത്തമന്‍ മുട്ടാറിലും, ശുചീകരണ യജ്ഞത്തില്‍ കഴിഞ്ഞ ദിവസം പങ്കാളികളായിരുന്നു. ആകെ ശുചിയാക്കാനുള്ളതിന്റെ മുപ്പത് ശതമാനത്തോളം വീടുകളാണ് ആദ്യ ദിനത്തില്‍ ശുചിയാക്കാനായത്. എങ്കിലും ഇന്നത്തോടെ വെള്ളം ഒഴിഞ്ഞു പോയ എല്ലായിടത്തെയും ശുചീകരണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. നിശ്ചയിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും പുറമെ നിരവധി പേരാണ് ആദ്യദിനത്തില്‍ സ്വയം തയ്യാറായി കുട്ടനാട്ടിലേക്കെത്തിയത്. രണ്ടാം ദിനത്തിലും ഇതേ പിന്തുണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്.