പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക നിയമസഭാ സമ്മേളനം
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭ സമ്മേളനത്തില്‍ നടക്കും. ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭ സമ്മേളനത്തില്‍ നടക്കും. ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
രാവിലെ ഒമ്പതുമുതൽ 12 വരെ സഭ ചേരാനാണ് തീരുമാനം. ചോദ്യോത്തരം ഉള്‍പ്പെടെയുള്ള മറ്റു നടപടികളൊഴിവാക്കിയാകും പ്രത്യേക ചർച്ച നടക്കുന്നത്. ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും, പ്രതിപക്ഷനേതാവിനും പുറമെ മറ്റ് കക്ഷി നേതാക്കളും ചര്‍ച്ച പങ്കെടുത്ത് സംസാരിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും, സഹായവാഗ്ദാനങ്ങളും, തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള സഹായം അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം അഭിപ്രായങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്ന് വരും.
അതേസമയം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെങ്കിലും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമായിരിക്കും പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക. കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം വേഗത്തില്‍ നേടിയെടുക്കണമെന്നാവശ്യം സമ്മേളനത്തില്‍ ഉയര്‍ന്ന് വരും.