297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു; മരണം 57

പനിമരണങ്ങള്‍ തുടരുന്ന സാഹച്യത്തില്‍ മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിതര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡ് തുറന്നു

Update: 2018-09-03 01:02 GMT
Advertising

സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്നു. 57 പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്. 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി വ്യാപകമായാണ് പടർന്ന് പിടിക്കുന്നത്. പകർച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്നലെ വരെ 57 മരണങ്ങൾ ഉണ്ടായി. ഇതിൽ 10 മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 47 മരണങ്ങൾ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ചികിത്സ തേടിയ 1016 പേരിൽ 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്.

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും എലിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്നുണ്ട്. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്റ വിതരണത്തിന് പുറമെ കൂടുതൽ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ സ്വയം ചികിൽസ ഒഴിവാക്കി വിദഗ്ദ ചികിത്സക്കായി ആശുപത്രിയിൽ എത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Full View

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് അവലോകന യോഗം

കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അവലോകന യോഗം ചേര്‍ന്നു. മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പനിമരണങ്ങള്‍ തുടരുന്ന സാഹച്യത്തില്‍ മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിതര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയതായും മന്ത്രി അറിയിച്ചു.

എലിപ്പനിയും പനി ബാധിച്ചുള്ള മരണങ്ങളും പടരുന്ന സാഹചര്യത്തിലാണ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലയില്‍ അവലോകന യോഗം ചേര്‍ന്നത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇന്നലെ പനി ബാധിച്ച് മരിച്ച മൂന്ന് പേരില്‍ രണ്ടുപേരുടെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസറും അറിയിച്ചു. എലിപ്പനി രോഗലക്ഷണങ്ങളോടെയാണ് മറ്റൊരാള്‍ മരിച്ചത്. ഇന്നലെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 25 പേരില്‍ 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ കാലത്ത് സജ്ജീകരിച്ചിരുന്നു ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ണ്ണമായും എലിപ്പനി ബാധിതര്‍ക്കായി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായും ഒന്നരലക്ഷം പേര്‍ക്കാണ് പ്രതിരോധമരുന്ന് വിതരണം ചെയ്തതായും ഡിഎംഒ അറിയിച്ചു.

Full View
Tags:    

Similar News