എലിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം: വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് പേരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് വൈകീട്ട് കോഴിക്കോട് യോഗം ചേരും

Update: 2018-09-03 07:32 GMT
Advertising

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് പേരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് വൈകീട്ട് കോഴിക്കോട് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

എലിപ്പനിയും പനി മരണങ്ങളും തുടരുന്ന സംസ്ഥാനത്ത്, ഇന്ന് മരിച്ച മൂന്നുപേരുടേതുള്‍പ്പടെ 13 മരണങ്ങളാണ് എലിപ്പനി മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ഓഗസ്റ്റ് ഒന്നുമുതല്‍ ഇതുവരെ പനി ബാധിച്ച് മരിച്ച 58 പേര്‍ എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരായിരുന്നു. കോഴിക്കോട് വടകര സ്വദേശി നാരായണി, എരഞ്ഞിക്കൽ സ്വദേശി അനിൽ കുമാർ, പത്തനംതിട്ട കഞ്ഞീറ്റുംകര മാടത്തും പറന്പിൽ രഞ്ജു എന്നിവരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 1016 പേരിൽ 297 പേർക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നുമാത്രം 8 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതൽ രോഗബാധയും പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നാല് ദിവസത്തിനിടെ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും എലിപ്പനി വ്യാപകമാണ്. പനി മരണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Full View

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിതര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡൊരുക്കിയ അധികൃതര്‍ സംസ്ഥാന വ്യാപകമായി 260 താത്കാലിക ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് അടിയന്തര യോഗവും ചേരുന്നുണ്ട്.

Tags:    

Similar News