വ്യവസായവകുപ്പില്‍ വന്‍ അഴിച്ചുപണി: നടപടി ഇ.പി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയായതോടെ
റിയാബ് ചെയർമാൻ അടക്കം ഉള്ളവരെ മാറ്റി. മലബാര്‍ സിമന്റ്സ്, കാഷ്യു ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ എം.ഡിമാരെയും നീക്കി
വ്യവസായവകുപ്പിന് തലപ്പത്ത് വൻ അഴിച്ചുപണി. റിയാബ് ചെയർമാൻ അടക്കം ഉള്ളവരെ മാറ്റി. ഇ.പി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയായതോടെയാണ് ഉന്നത തസ്തികയിൽ അഴിച്ചുപണി നടത്തുന്നത്.
ഇ.പി ജയരാജൻ വ്യവസായവകുപ്പിലേക്ക് തിരിച്ചു വന്നതോടെ വലിയ അഴിച്ചുപണിയാണ് വകുപ്പില്‍ നടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ മോണിറ്ററിങ് ചുമതലയുള്ള റിയാബ് ചെയർമാനായിരുന്ന ഡോ. എം.പി സുകുമാരൻ നായരെ നീക്കി. കെ.എം.എം.എൽ ചെയർമാൻ സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എം.പി സുകുമാരന് പുതിയ ചുമതലയും നൽകിയിട്ടില്ല. ഇ.പി ജയരാജന്റെ ബന്ധുനിയമന വിവാദത്തിൽ നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് സുകുമാരനെ മാറ്റാൻ കാരണമെന്ന ആരോപണം നിലനിൽക്കുന്നു.
എളമരം മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരൻ നായരാണ് റിയാബിന്റെ പുതിയ ചെയർമാൻ. റിയാബ് സെക്രട്ടറി സുരേഷിനെ മാറ്റി കെ.ജി വിജയകുമാരൻ നായരെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മലബാർ സിമന്റ്സിന്റെ പുതിയ എം ഡിയായി എം.മുരളീധരനെ നിയമിച്ചു. ക്യാഷ്യൂ ഡെവലപ്മെൻറ് കോർപറേഷന്റെ എം.ഡിയായി രാജേഷ് രാമകൃഷ്ണനെ നിയമിച്ചു.
സംസ്ഥാനത്തെ പൊതുമേഖല സ്പിന്നിംഗ് മില്ലുകളിലും പുതിയ എം.ഡി മാരെ ഉടന്‍ നിയമിക്കും. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയും വ്യവസായ വകുപ്പ് പരിശോധിച്ച് വരുകയാണ്.