ലോകബാങ്ക്-എ.ഡി.ബി സംഘം തൃശൂരില്‍ സന്ദര്‍ശനം നടത്തി

സംഘത്തിലുണ്ടായിരുന്നത് എട്ട് വിദഗ്ധര്‍; 1392.3 കോടിയുടെ നഷ്ടമെന്ന് ജില്ല ഭരണകൂടം

Update: 2018-09-14 02:26 GMT
Advertising

ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും പ്രതിനിധികള്‍ തൃശൂര്‍ ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ജില്ലയില്‍ 1392.3 കോടിയുടെ നഷ്ടമുണ്ടായതായി ജില്ലാഭരണകൂടം സംഘത്തെ അറിയിച്ചു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വായ്പ ഉള്‍പ്പെടെയുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം. എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും വിവിധ മേഖലകളിലെ വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് സംഘങ്ങളായാണ് ഇവര്‍ ദുരിതബാധിത മേഖലകളിലെത്തിയത്.

Full View

ഗ്രാമവികസന സീനിയര്‍ സ്പെഷലിസ്റ്റ് വിനായക് ഘട്ടാട്ടെയുടെ നേതൃത്വത്തിലാണ് ലോകബാങ്ക് സംഘം എത്തിയത്. ഗതാഗത മേഖല സ്പെഷലിസ്റ്റ് അലോക് ഭരദ്വാജ് ആണ് എ.ഡി.ബി സംഘത്തിന് നേതൃത്വം നല്‍കിയത്. പ്രളയ ബാധിത മേഖലകളിലേക്ക് തിരിക്കും മുമ്പ് സംഘം ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ചാലക്കുടി, പുല്ലഴി, പുള്ള്, കുറാഞ്ചേരി, കുഴൂര്‍, എട്ടുമന, പാണഞ്ചേരി, മുല്ലശ്ശേരി, പൂവത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. കാര്‍ഷിക, മൃഗസംരക്ഷണ, കുടിവെള്ള മേഖലകളിലുള്‍പ്പെടെയുണ്ടായ ദുരന്തങ്ങള്‍ ഉദ്യോഗസ്ഥര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Tags:    

Similar News