കെ.എസ്.ആര്‍.ടി.സി അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുകയാണെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

ശബരിമല നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള സര്‍വീസിന് കെ.എസ്.ആര്‍.ടി.സി അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

Update: 2018-09-19 08:36 GMT
Advertising

കെ.എസ്.ആര്‍.ടി.സി അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുകയാണെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണര്‍. ശബരിമല നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള സര്‍വീസിന് കെ.എസ്.ആര്‍.ടി.സി അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. 31 രൂപയായിരുന്ന നിരക്ക് 40 ആയി വര്‍ദ്ധിപ്പിച്ചതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇവയാണ്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ 22 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ത്രിവേണിയിലെ യു ടേണ്‍വരെ നടത്തുന്ന സര്‍വീസിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. ഈ നിരക്ക് പോലും അധികരിച്ചതാണ് . പമ്പ ഡിപ്പോ മുതല്‍ ത്രിവേണി വരെയുള്ള 1 കിലോമീറ്റര്‍ ദുരത്ത് മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ നിലവില്‍ പമ്പ ഡിപ്പോയിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. അയ്യപ്പന്‍മാര്‍ക്ക് തുടര്‍ന്ന് കാല്‍നടയായി വേണം ത്രിവേണിയിലെത്താന്‍.സാഹചര്യം ഇതാണെന്നിരിക്കെയാണ് നിരക്ക് 40 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ടിക്കറ്റില്‍ നിലയ്ക്കലിന് പകരം പ്ലാപ്പള്ളി വരെയുള്ള ഫെയര്‍ സ്റ്റേജാണ് കാണിക്കുന്നത്. സര്‍വീസ് നടത്തിപ്പിന്റെ കുത്തക അവകാശമുള്ള കെ.എസ്.ആര്‍.ടി.സി നടത്തുന്നത് വിവേചനപരമായ ചൂഷണമാണെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്നും പഴയ നിരക്ക് തന്നെയായ 31 തന്നെ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News