പ്രളയദുരന്തം: ജി.എസ്.ടിക്കൊപ്പം പ്രത്യേക സെസ് പിരിക്കാന്‍ കേന്ദ്ര അനുമതി

സംസ്ഥാന ജി.എസ്.ടിയോടൊപ്പം പത്ത് ശതമാനം സെസ് കൂടി ചുമത്താന്‍ കേരളത്തിന് മാത്രമായി അനുമതി നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ എല്ലാം സംസ്ഥാനങ്ങളും അവരുടെ സംസ്ഥാന ജി.എസ്.ടിക്കൊപ്പം സെസ് ചുമത്തട്ടെ...

Update: 2018-09-20 10:16 GMT
Advertising

കേരളത്തിലെ പ്രളയദുരിത നിവാരണത്തിന് ജി.എസ്.ടിയോടൊപ്പം പ്രത്യേക സെസ് പിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അഖിലേന്ത്യാ അടിസ്ഥാനത്തിലാകും സെസ് പിരിക്കുക. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിലവിലെ വായ്പാ പരിധി കൂട്ടാനും തത്വത്തില്‍ അംഗീകാരം ലഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന്റെ നിര്‍ണായക ആവശ്യങ്ങളില്‍ ധാരണയായത്. സംസ്ഥാന ജി.എസ്.ടിയോടൊപ്പം പത്ത് ശതമാനം സെസ് കൂടി ചുമത്താന്‍ കേരളത്തിന് മാത്രമായി അനുമതി നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ എല്ലാം സംസ്ഥാനങ്ങളും അവരുടെ സംസ്ഥാന ജി.എസ്.ടിക്കൊപ്പം സെസ് ചുമത്തട്ടെ എന്ന ആശയം ജെയ്റ്റ്‌ലി മുന്നോട്ട് വക്കുകയായിരുന്നു. നിശ്ചിത കാലത്തേക്ക് ചെറിയ ശതമാനത്തില്‍ സെസ് പിരിക്കും. ഈ തുക മുഴുവനും കേരളത്തിന് നല്‍കുമെന്നാണ് ധാരണ. 28ന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യും, കൗണ്‍സിലാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനം എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള വായ്പ പരിധി. കൂടുതല്‍ ധനസമാഹരണത്തിന് വായ്പ എടുക്കാന്‍ ഇത് ഒറ്റയടിക്ക് 4.5 ശതമാനം ആക്കി ഉയര്‍ത്താനാകില്ലന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികള്‍ക്കായി ഘട്ടം ഘട്ടമായി ചെറിയ അളവില്‍ വായ്പ പരിധി ഉയര്‍ത്തുന്നത് പരിഗണിക്കാം എന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കി. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉടനുണ്ടാകും.

Tags:    

Similar News