അഭിമന്യു വധം: കുറ്റപത്രം തയ്യാറായി; മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയാറായി. അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹിമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നോ നാളെയോ കുറ്റപത്രം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
മഹാരാജാസിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശി 31 വയസുള്ള മുഹമ്മദ് ഷഹിമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദ് ഷഹീം ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പിടിയിലായ പ്രതി സനീഷിനും കുത്തിയതിൽ പങ്കുണ്ട്.
കൊലപാതകം നടന്ന മഹാരാജാസ് കോളേജിലെത്തിയ പതിനാറംഗ അക്രമി സംഘത്തെയാണ് ചേര്‍ത്താണ് ആദ്യ കുറ്റപത്രം തയാറായിരിക്കുന്നത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും ചേര്‍ത്ത് അനുബന്ധ കുറ്റപത്രം തയാറാക്കും. ക്യാപസ് ഫ്രണ്ട് നേതാക്കളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിൻ സലിം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. പത്തൊന്പത് പേരെയാണ് ഇതുവരെ പിടികൂടിയത്.
അഭിമന്യു കൊല്ലപ്പെട്ടിട്ട് 90 ദിവസം പൂര്‍ത്തിയാവുന്നതിന് ആറുദിവസം ശേഷിക്കെയാണ് കണ്‍ട്രോള്‍ റൂം എ.സി എസ്.ടി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നിലവിൽ 5 പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിട്ടുണ്ട്.