മടപ്പള്ളിയില്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച സംഭവം; എസ്.എഫ്.ഐക്കെതിരായ പ്രതിഷേധം മുസ്‍ലിംതീവ്രവാദമെന്ന് സി.പി.എം

മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ അതിക്രമത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Update: 2018-09-26 04:43 GMT
Advertising

മടപ്പള്ളി ഗവ. കോളജിലെ വിദ്യാര്‍ഥിനികളെ ആക്രമിച്ച എസ്.എഫ്.ഐയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കിയത്.

ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റിയും എം.എസ്.എഫും മറ്റു മതതീവ്രവാദ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് തീവ്രവാദപ്രവര്‍ത്തനമാണെന്ന് സി.പി.എം കുറിപ്പില്‍ പറയുന്നു. കോളേജ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ വിജയത്തില്‍ പ്രകോപിതരായി മതതീവ്രവാദ സംഘടനകള്‍ എസ്.എഫ്.ഐക്കെതിരായി അക്രമകഥകള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് സി.പി.എം വിശദീകരണം.

''എസ്.എഫ്.ഐക്കെതിരായ ഈ അക്രമത്തില്‍ മുസ്‍ലിം വര്‍ഗീയവാദികളോടൊപ്പം ഹിന്ദുത്വവര്‍ഗീയവാദികളും കാമ്പസിനു പുറത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വേട്ടയാടി. ഇരുവര്‍ഗീയ മതതീവ്രവാദികളും കാമ്പസിലെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കഴിഞ്ഞ കുറേക്കാലമായി മടപ്പള്ളി കോളേജില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ടാണ് കാമ്പസിന്റെ മതനിരപേക്ഷ അന്തരീക്ഷം നിലനിര്‍ത്തുന്നത്.'' പത്രക്കുറിപ്പില്‍ പറയുന്നു.

മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ അതിക്രമത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അക്രമത്തില്‍ ഏതാനും പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ പ്രതിഷേധത്തെ തീവ്രവാദമാക്കി മാറ്റാനാണ് സി.പി.എം ശ്രമം.

Tags:    

Similar News