ക്രിസ്തുവിനെ പോലെ ഫ്രാങ്കോയും ക്രൂശിക്കപ്പെടുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ്
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സമരം പുനരാരംഭിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും സേവ് അവര്‍ സിസ്റ്റേഴ്സ് വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ പിടിയിലായ ഫ്രാങ്കോ മുളക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച സഭാ നേതൃത്വത്തിനെതിരെ സേവ് അവര്‍ സിറ്റേഴ്സ് രംഗത്തെത്തി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
പ്രതിയെ സന്ദര്‍ശിച്ച നിലപാട് കുറ്റകരമാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സമരം പുനരാരംഭിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും സേവ് അവര്‍ സിസ്റ്റേഴ്സ് വ്യക്തമാക്കി.
പാല രൂപത സഹായ മെത്രാനും വക്താവും ജയിലിലെത്തി ഫ്രാങ്കോ മുളക്കലിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കാഞ്ഞരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറക്കലും സഹായമെത്രാന്‍ ജോസ് പുളിക്കലും മലങ്കര കത്തോലിക സഭാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറാനിയോസും ഫ്രാങ്കോ മുളക്കലിനെ കാണാന്‍ എത്തിയത്.
രാവിലെ 11.30ഓടെ എത്തിയ ബിഷപ്പുമാര്‍ 15 മിനിറ്റ് നേരം ഫ്രാങ്കോ മുളക്കലുമായി സംസാരിച്ച് പിന്തുണ അറിയിച്ചു. തുടര്‍ന്ന് തിരികെ മടങ്ങവേ കന്യാസ്ത്രീക്കെതിരെ പ്രതികരിച്ചു. യേശുക്രിസ്തുവിനെ പോലെ ഫ്രാങ്കോയും ക്രൂശിക്കപ്പെടുന്നുവെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞത്.