പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന് പരാതി
സഞ്ചാര യോഗ്യമല്ലാത്ത റോഡില്ലാത്തതും വെള്ളമില്ലാത്തതുമാണ് പ്രധാന പ്രശ്നം.17 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചിട്ടും എട്ട് കുടുംബങ്ങള്‍ മാത്രമാണ് വീട് വയ്ക്കാന്‍ മുന്നോട്ട് വന്നത്
കോഴിക്കോട് പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന് പരാതി. സഞ്ചാര യോഗ്യമല്ലാത്ത റോഡില്ലാത്തതും വെള്ളമില്ലാത്തതുമാണ് പ്രധാന പ്രശ്നം.17 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചിട്ടും എട്ട് കുടുംബങ്ങള്‍ മാത്രമാണ് വീട് വയ്ക്കാന്‍ മുന്നോട്ട് വന്നത്.
2012 ആഗസ്തിലാണ് പുല്ലൂരാപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി എട്ടുപേര്‍ മരിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നതിന് വേണ്ടി ആനക്കാംപോയില്‍ അരിപ്പാറയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 85 സെന്റ് സ്ഥലം ഏറ്റെടുത്തു. 17 കുടുംബങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്തു. പക്ഷെ സ്ഥലത്ത് അടിസ്ഥാന സൌകര്യം പോലുമില്ലാത്തതിനാല്‍ എട്ട് കുടുംബങ്ങള്‍ മാത്രമാണ് വീട് വയ്ക്കാന്‍ തയ്യാറായത്. അഞ്ച് വീടുകള്‍ തറയുടെ പണി തുടങ്ങി. മൂന്ന് വീടുകള്‍ ഏകദേശം പൂര്‍ത്തിയാകാറുമായി. പക്ഷേ വെള്ളവും സഞ്ചാരയോഗ്യമായ റോഡും ഇപ്പോഴുമില്ല.
വെള്ളം വാഹനങ്ങളില്‍ എത്തിച്ചും സാധനങ്ങള്‍ തലച്ചുമടുമായാണ് നിര്‍മ്മാണ സ്ഥലത്ത് എത്തിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ ചെലവായി ഓരോ വീടിനും. ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നു. ഒപ്പം അടിസ്ഥാന സൌകര്യങ്ങള്‍ ഉടനൊരുക്കണമെന്നും.