ദളിത് വിദ്യാര്‍ഥി നേതാവിന് നേരെ എം. എസ്.എഫ് പ്രവര്‍ത്തകരുടെ അക്രമം
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മറ്റി അംഗവും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ പ്രസാദിനെയാണ് എം. എസ്.എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.
കാസര്‍കോട് ഗവ. കോളേജില്‍ ദളിത് വിദ്യാര്‍ഥി നേതാവിന് നേരെ എം. എസ്.എഫ് പ്രവര്‍ത്തകരുടെ അക്രമം. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മറ്റി അംഗവും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ പ്രസാദിനെയാണ് എം. എസ്.എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോളേജിലേക്ക് ബഹുജനമാര്‍ച്ച് നടത്തും.
ഫ്രറ്റേണിറ്റി മൂവ്മെന്റിലെ സഹ പ്രവര്‍ത്തകയോട് കോളേജില്‍ വെച്ച് സംസാരിച്ചതിന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രസാദിനെ രണ്ട് ദിവസം മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിനെ ചോദ്യം ചെയ്താണ് ബുധനാഴ്ച വീണ്ടും മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നില്‍കാന്‍ മാത്രം വളര്‍ന്നോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പ്രസാദ് പറയുന്നു.
ദളിത് വിദ്യാര്‍ഥികള്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നതും നേതൃസ്ഥാനത്ത് വരുന്നതും എം.എസ്.എഫ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. മുസ്ലിം വിദ്യാര്‍ഥിയോട് സംസാരിക്കുന്ന ദളിത് വിദ്യാര്‍ഥികളെ അക്രമിച്ച് എം.എസ്.എഫ് കോളേജില്‍ സദാചാര ഗുണ്ടായിസം നടപ്പിലാക്കുകയാണെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു. എം.എസ്.എഫിന്റെ ജാതീയ സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ഗവ. കേളേജിലേക്ക് ബഹുജനമാര്‍ച്ച് നടത്തും.