ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി
കോടതി തീരുമാനത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് കണ്ഠരര് മോഹനരര് പറഞ്ഞു
ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും നാളെ റിവ്യൂ ഹരജി ഫയല്‍ ചെയ്യും. കോടതി തീരുമാനത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് കണ്ഠരര് മോഹനരര് പറഞ്ഞു. സംയുക്തമായെടുത്ത തീരുമാനമാണിതെന്നും തന്ത്രി കുടുബം അറിയിച്ചു.
അതേസമയം ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് പുനപ്പരിശോധന ഹരജി നല്‍കുന്നതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാരവര്‍മ. സര്‍ക്കാറുമായുള്ള ചര്‍ച്ചയെക്കാള്‍ പ്രധാനം എത്രയും വേഗം ഹരജി നല്‍കുകയെന്നതാണ്. ഭക്തജനങ്ങളുടെ വികാരം മാനിച്ചാണ് പന്തളം കൊട്ടാരം ഹരജി നല്‍കുന്നതെന്നും ശശികുമാര വര്‍മ പറഞ്ഞു.
തന്ത്രി കുടുംബം മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത് കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ കോടതിവിധി നടപ്പാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. പുനപരിശോധനാ ഹരജി ആര് നല്‍കിയാലും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.