താനൂർ കൊലപാതകം: മുഖ്യപ്രതി ബഷീർ കീഴടങ്ങി
കൊല്ലപ്പെട്ട സവാദിൻറെ ഭാര്യ സൗജത്തും മൂന്നാം പ്രതി സുഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മലപ്പുറം താനൂർ തെയ്യാലയിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ബഷീർ കീഴടങ്ങി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട സവാദിൻറെ ഭാര്യ സൗജത്തും മൂന്നാം പ്രതി സുഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു താനൂർ ഓമച്ചപുഴയിലെ വാടക ക്വാർട്ടേഴ്സിൽ അഞ്ചുടി സ്വദേശിയായ സവാദ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. സവാദിനെ കൊലപ്പെടുത്താൻ ഷാർജയിൽ നിന്ന് രണ്ടു ദിവസത്തെ അവധിക്കാണ് ബഷീർ നാട്ടിലെത്തിയത്. കൃത്യം നടത്തിയതിനു ശേഷം തിരികെപോയി.
ഷാർജ ഫയർ സ്റ്റേഷനിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന പ്രതിയെകുറിച്ചുള്ള മാധ്യമ വാർത്തകൾ ബഷീറിന്റെ ഫോട്ടോ സഹിതം സമൂഹ മധ്യമങ്ങളിൽ കൂടി പ്രചരിച്ചതോടെ ജോലിയിൽ തുടരാനായില്ല. ഇന്നലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിൻ മാർഗം തിരൂരിലെത്തി. തുടർന്ന് താനൂരിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
തെളിവെടുപ്പിനായി തെയ്യാലയിലെ സവാദിന്റ വാടക ക്വാർട്ടേഴ്‌സിലെത്തിച്ച പ്രതി കൊല ചെയ്യാൻ ഉപയോഗിച്ച മരക്കഷ്ണം പൊലീസിന് കാണിച്ചു കൊടുത്തു. സവാദിന്റെ ഭാര്യ സൗജത്താണ് കൊലപാതകത്തിൽ ബഷീറിനെ സഹായിച്ചത്. രണ്ടു പേർക്കും ഒരുമിച്ച് കഴിയാൻ വേണ്ടിയായിരുന്നു കൊലപാതകം. സൗജത്തും, ബഷീറിന് തെയ്യാലയിലെത്താൻ വാഹനം ഏർപ്പാടാക്കിയ സുഹൃത്ത് സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു.