നിയമനങ്ങളില്‍ സംവരണം പാലിച്ചില്ല; ശ്രീ ചിത്ര ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് നോട്ടീസ്
സംവരണം നടപ്പിലാക്കാത്തത് സംബന്ധിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് തെളിവെടുക്കുന്നത്.
നിയമനങ്ങളില്‍ സംവരണം പാലിക്കാത്തതിന് ശ്രീ ചിത്ര ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്റെ നോട്ടീസ്. സംവരണം നടപ്പിലാക്കാത്തത് സംബന്ധിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് തെളിവെടുക്കുന്നത്. ഈ മാസം 17ന് നേരിട്ട് ഹാജരാകാന്‍ ശ്രീ ചിത്ര ഡയറക്ടറോട് പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഗ്രൂപ്പ് എ എഞ്ചിനീയര്‍/ സയന്റിസ്റ്റ് നിയമനത്തില്‍ ശ്രീ ചിത്ര സംവരണം അട്ടിമറിച്ചുവെന്ന വാര്‍ത്ത് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. സംവരണ അട്ടിമറിക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷനില്‍ നാല് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കമ്മീഷന്‍ ശ്രീ ചിത്രയുടെ വിശദീകരണവും തേടി. സംവരണം പാലിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ നടപടി ആയി വരികയാണെന്ന വിശദീകരണമാണ് ശ്രീ ചിത്ര നല്‍കിയത്. ഈ വിശദീകരണം പട്ടിക ജാതി കമ്മീഷന്‍ തള്ളി. ശ്രീ ചിത്ര സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപമെന്ന നിലയില്‍ സംവരണ തത്വം പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന വിലയിരുത്തലാണ് ദേശീയ പട്ടികജാതി കമ്മീഷനുള്ളത്. സംവരണം പാലിക്കുന്നതില്‍ നിന്ന് ശ്രീ ചിത്രയെ ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇറക്കിയിട്ടില്ല. എ ഗ്രൂപ്പ് നിയമനങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കികൊണ്ട് ശ്രീ ചിത്ര ഗവേണിങ് ബോഡി തീരുമാനവും നിലനില്‍ക്കുന്നതല്ലെന്ന കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് ശ്രീ ചിത്ര ഡയറക്ടറെ നേരിട്ട് കേള്‍ക്കാന്‍ ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ തീരുമാനിച്ചത്. വരുന്ന 17ന് തിരുവനന്തപുരം ഗസ്റ്റ് ഹൌസില്‍ ഹിയറിങ്ങിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഡയറക്ടര്‍ ആശാ കിഷോറിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമ്മീഷനില്‍ പരാതി നല്‍കിയവരെയും അന്നേ ദിവസം ഹാജരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനപട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദേശീയ നിലവാരത്തിലുള്ള സ്ഥാപനമായതിനാല്‍ സംസ്ഥാന കമ്മീഷന്റെ ഉത്തരവ് പാലിക്കേണ്ടെന്ന വിലയിരുത്തലില്‍ ശ്രീ ചിത്ര സംവരണം പാലിക്കാതെ മുന്നോട്ട് പോകുകയായിരുന്നു.