ബ്രൂവറിയില്‍ പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പിനെ കുറിച്ച് അന്വേഷണം

എക്സൈസ് വകുപ്പിന്‍റേതെന്ന് പ്രചരിച്ച വാര്‍ത്താകുറിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി

Update: 2018-10-12 08:35 GMT
Advertising

ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയായി ഇറക്കിയ വാര്‍ത്താകുറിപ്പ് സംബന്ധിച്ച് അന്വേഷണം. എക്സൈസ് വകുപ്പിന്‍റേതെന്ന് പ്രചരിച്ച വാര്‍ത്താകുറിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി.

എക്സൈസ് വിവാദം കത്തിപടരുന്നതിനിടെയാണ് അടിതെറ്റിവീണ് പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടില്‍ വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ മറുപടി നല്‍കുന്ന രീതിയിലായിരുന്ന വാര്‍ത്താകുറിപ്പിലെ പരാമര്‍ശങ്ങള്‍. എക്സൈസ് വകുപ്പിന്‍റെ വിശദീകരണം എന്ന പേരിലാണ് ഇത് വാര്‍ത്തയായത്. പല വാചകങ്ങളും പ്രതിപക്ഷ നേതാവിനെ അപഹസിക്കുന്നതുമായിരുന്നു. ഇതോടെ പ്രതിപക്ഷം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. വാര്‍ത്താകുറിപ്പിറക്കിയ എക്സൈസ് വകുപ്പിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതില്‍ സ്പീക്കറുടെ ഓഫീസ് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വാര്‍ത്താകുറിപ്പിനെ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് എക്സൈസ് വകുപ്പും രംഗത്ത് വരുന്നത്.

എക്സൈസ് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക് പൊലീസ് അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കി. തന്‍റെ അറിവോടെ ഇറക്കിയതല്ല വാര്‍ത്താകുറിപ്പ്. എക്സൈസ് വകുപ്പ് ഇത്തരമൊരു വാര്‍ത്താ കുറിപ്പ് ഇറക്കിയതായും തനിക്ക് അറിയില്ല. വാര്‍ത്താകുറിപ്പിന്‍റെ ഉറവിടം കണ്ടെത്തണമെന്നാണ് ആശാ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Full View

അന്വേഷണം നടത്താമെന്ന് ആഭ്യന്തര സെക്രട്ടറി മറുപടി നല്‍കിയെന്നാണ് വിവരം. ബ്രൂവറി വിവാദത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന സര്‍ക്കാരില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് വിവാദ വാര്‍ത്താകുറിപ്പും അതിന് പിന്നാലെയുള്ള അന്വേഷണവും.

Tags:    

Similar News