ജങ്ക് ഫുഡ് ഉപയോഗം കൂടുന്നു; ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ ആരംഭിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
സംസ്ഥാനത്ത് കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ധിക്കുന്നുവെന്നും നിരവധി മാരക രോഗങ്ങള്‍ വഴിവെക്കുന്നുവെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ധിക്കുന്നുവെന്നും നിരവധി മാരക രോഗങ്ങള്‍ വഴിവെക്കുന്നുവെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.
കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടി. ജങ്ക് ഫുഡ് ഉപയോഗത്തിനെതിരെ കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തരമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജങ്ക് ഫുഡ് ഉത്പാദന- വിതരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലുള്ള ജില്ലാ- താലൂക്ക് ഓഫീസുകള്‍ വഴി പരിശോധന നടത്തണം. നിയമലംഘനം നടത്തുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ കൈകൊള്ളണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ജങ്ക് ഫുഡ് ഉപയോഗം കുട്ടികളില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജങ്ക് ഫുഡുകളുടെ ഉത്പാദനവും വിതരണവും സംസ്ഥാനത്ത് തടയണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി സംസ്ഥാന ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ സ്കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബ് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.