ബ്രൂവറിക്ക് അനുമതി നിഷേധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
വിവാദങ്ങള്‍ ഒഴിവാക്കാനാണ് അനുമതി റദ്ദാക്കിയതെന്ന് ഉത്തരവില്‍ പറയുന്നു. അനുമതിക്കുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുള്ള സമിതി ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കും
വിവാദമായ ഡിസ്റ്റിലറി ലൈസന്‍സുകള്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനിടെ വിവാദങ്ങളൊഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ അപേക്ഷകള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി ഈ മാസം 31 നകം ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേ പടി ഉത്തരവില്‍ ചേര്‍ത്തിട്ടുമുണ്ട്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും യോജിച്ച് നില്‍ക്കേണ്ട ഘട്ടത്തില്‍ വിവാദങ്ങളുണ്ടാക്കി യോജിച്ച അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്നാണ് സര്‍ക്കാര്‍ രേഖയില്‍ പറയുന്നത്.പുതിയ അപേക്ഷകള്‍ പരിശോധിക്കാന്‍ നികുതി അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കും നാല് പേരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ ഈ മാസം 31 നകം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.നിലവില്‍ അനുമതി റദ്ദാക്കിയ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അപേക്ഷ നല്‍കുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ല.