മന്ത്രിമാരുടെ വിദേശയാത്രക്ക് വീണ്ടും കേന്ദ്രത്തിന്റെ അനുമതി തേടി കേരളം

പ്രളയത്തെതുടർന്നുള്ള നവകേരള നിർമ്മിതിക്ക് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോടഭ്യർഥിച്ച് വീണ്ടും കേരളം. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം നാളെ മുതല്‍

Update: 2018-10-16 02:03 GMT
Advertising

പ്രളയത്തെതുടർന്നുള്ള നവകേരള നിർമ്മിതിക്ക് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്രക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോടഭ്യർഥിച്ച് വീണ്ടും കേരളം. ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യ വകുപ്പിന് കത്തയച്ചു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണ് കത്ത് നൽകിയത്. ചീഫ് സെക്രട്ടറി കത്ത് നല്‍കിയ സാഹചര്യത്തില്‍ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ദുരിതാശ്വാസ നിധി സമാഹരണത്തിനുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രമുടക്കിട്ടതോടെയാണ് സർക്കാരിന് വേണ്ടി ചീഫ്സെക്രട്ടറി അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. യാത്രയുടെ ഗൌരവം ബോധ്യപ്പെടുത്തുന്ന കത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യത്തിനുമേൽ കേന്ദ്രം തീരുമാനമറിയിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കത്തയച്ചതോടെ ചില മന്ത്രിമാർക്കെങ്കിലും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. യാത്രാനുമതി ലഭിച്ചാലും സർക്കാർ നേരത്തേ നിശ്ചയിച്ച തീയതികളിൽ സന്ദർശനം നടക്കാൻ സാധ്യത കുറവാണ്. അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ അമേരിക്കയടക്കമുള്ള സ്ഥലങ്ങളിലേക്ക് വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ.

Full View

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ മുതൽ മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. അതനുസരിച്ച് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയത്തിന് സര്‍ക്കാര്‍ അപേക്ഷയും നല്‍കിയിരുന്നു. അനുകൂല തീരുമാനമല്ല കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. രാഷ്ട്രീയ കാരണങ്ങളും അപേക്ഷയിലെ പോരായ്മയും തിരിച്ചടിക്ക് കാരണമായി.

മുഖ്യമന്ത്രിക്ക് മാത്രമാണ് കർശന ഉപാധികളോടെ യാത്രാനുമതി നൽകിയത്. നാളെ പുറപ്പെടുന്ന മുഖ്യമന്ത്രി ഈ മാസം 20വരെ യുഎഇ സന്ദർശനം നടത്തും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടാവുക. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വമുള്ളത്. ഈ മന്ത്രിമാരെ വിദേശയാത്രയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിദേശ സന്ദര്‍ശനങ്ങൾ വഴി 5,000 കോടി രൂപ പിരിച്ചെടുക്കാനാവുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

Tags:    

Similar News