കല്ലായി പുഴയിലെ കയ്യേറ്റം കണ്ടെത്തിയ സ്ഥലങ്ങളില്‍ ജെണ്ട കെട്ടല്‍ നടപടി പുനരാരംഭിച്ചു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് ജെണ്ട കെട്ടുന്നത്.
കോഴിക്കോട് കല്ലായി പുഴയിലെ കയ്യേറ്റം കണ്ടെത്തിയ സ്ഥലങ്ങളില്‍ ജെണ്ട കെട്ടല്‍ നടപടി പുനരാരംഭിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് ജെണ്ട കെട്ടുന്നത്. പ്രദേശത്തുള്ള ചില വ്യാപാരികളുടെ പ്രതിഷേധത്തെ മറികടന്നായിരുന്നു റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ ജണ്ട കെട്ടിയത്.
കല്ലായി പുഴയുടെ തീരത്ത് നഗരം കസബ വില്ലേജുകളിലാണ് വ്യാപകമായ കയ്യേറ്റം നടന്നത്. സര്‍വെ നടത്തി ഭൂമി അളന്ന് തിരിച്ചിരുന്നെങ്കിലും ജെണ്ടകെട്ടാനുള്ള നടപടികള്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എങ്ങുമെത്തിയില്ല. തുടര്‍ന്ന് റവന്യൂവകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജണ്ടകെട്ടാനുള്ള നടപടികള്‍ പുനരാരംഭിച്ചത്. ജെണ്ട കെട്ടാനുള്ള നടപടികള്‍ ചില വ്യാപാരികള്‍ തടയാന്‍ ശ്രമിച്ചു.
പിന്നീട് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ജെണ്ട കെട്ടി. പിന്തുണയുമായി കല്ലായി പുഴ സംരക്ഷണസമിതി പ്രവര്‍ത്തകരുമെത്തി.സബ് കലക്ടര്‍ വിഘ്നേശ്വരിയുടെയും തഹസില്‍ദാര്‍ അനിതകുമാരിയുടെയും നേതൃത്വത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്. കല്ലായി പുഴയുടെ തീരത്തെ 23.5 ഏക്കര്‍ ഭൂമി കയ്യേറിയതായാണ് സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നത്. ജെണ്ട കെട്ടാനായി അഞ്ച് ലക്ഷം രൂപ കോഴിക്കോട് കോര്‍പ്പറേഷന്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു.