കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് യു.ഡി.എഫില്‍ സമ്മര്‍ദ്ദം
പ്രസിഡണ്ട് പദവി രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന വ്യവസ്ഥ മുസ്ലിം ലീഗ് അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം
കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് കോണ്‍ഗ്രസിനകത്ത് സമ്മര്‍ദ്ദം ശക്തമാവുന്നു. പ്രസിഡണ്ട് പദവി രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന വ്യവസ്ഥ മുസ്ലിം ലീഗ് അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. വിഷയത്തില്‍ ഇടപെടാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പ്രവര്‍ത്തകരുടെ കൂട്ട നിവേദനം.
17 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് എട്ട് അംഗങ്ങളാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിനും ലീഗിനും നാലുവീത് അംഗങ്ങള്‍. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാനായിരുന്നു അധികാരമേല്‍ക്കുമ്പോഴുള്ള യു.ഡി.എഫ് ധാരണ. ആദ്യ രണ്ടര വര്‍ഷക്കാലം മുസ്ലീം ലീഗും തുടര്‍ന്ന് രണ്ടര വര്‍ഷം കോണ്‍ഗ്രസ്സും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി പങ്കിടാനായിരുന്നു തീരുമാനം. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രസിഡണ്ട് പദവി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് സന്നദ്ധമായിട്ടില്ല. ഇതാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയത്.
സമാന സാഹചര്യമുണ്ടായിരുന്ന വയനാട് ജില്ലയില്‍ പ്രസിഡണ്ട് പദവി കോണ്‍ഗ്രസ്സ് മുസ്ലിം ലീഗിന് വിട്ടുനല്‍കിയിരുന്നു. മുന്നണി ബന്ധം ശക്തമായി നിലനില്‍ക്കണമെങ്കില്‍ കാസര്‍ഗോട് ജില്ലയിലും മുന്‍തീരുമാനം നടപ്പിലാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.