ശബരിമലയില്‍ ആസൂത്രിത അക്രമണത്തിന് ശ്രമിച്ച 210 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ 146 കേസുകളിലായി കണ്ടാലറിയാവുന്ന 2000 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 210 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

Update: 2018-10-25 03:23 GMT
Advertising

യുവതി പ്രവേശ വിഷയത്തിൽ ശബരിമലയിലും പരിസരങ്ങളിലും അരങ്ങേറിയ സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്. അക്രമങ്ങൾ നടത്തിയ 210 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ 146 കേസുകളിലായി കണ്ടാലറിയാവുന്ന 2000 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 210 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പൊതുമുതൽ നശിപ്പിക്കൽ, കലാപത്തിന് ശ്രമം, സ്ത്രീകളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ സംഘടിച്ചവർ നിലക്കലും പമ്പയിലും വ്യാപക അക്രമണങ്ങൾ അഴിച്ചുവിടുകയും സന്നിധാനത്ത് അടക്കം നിരോധനാജ്ഞ ലംഘിച്ച് യുവതികളെ തടയുകയും ചെയ്തു. നിരവധി കെ.എസ്.ആർ.ടി.സി ബസുകൾക്കും വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായി. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും തകർക്കപ്പെട്ടു. വനിത മാധ്യമ പ്രവർത്തകരെപ്പോലും കയ്യേറ്റം ചെയ്തു. സുരക്ഷ ഭീഷണിയുണ്ടായിരുന്നതിനാൽ മാധ്യമ പ്രവർത്തകർക്ക് സന്നിധാനത്ത് നിന്ന് വിട്ടു നിൽക്കേണ്ടി വന്നു.

Full View

സന്നിധാനത്ത് മാത്രം 16 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊലീസ് സേനാംഗങ്ങളുടെ ജീവൻ പോലും അപകടാവസ്ഥയിലായിരുന്ന സ്ഥിതിയാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.

ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഇവരെ കണ്ടെത്താനാണ് ശ്രമം. ഡി.ജി.പിയുടെ നിർദേശനുസരണം എസ്. പിമാരുടെ നേതൃത്വത്തിൽ ജില്ലാതല സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

Tags:    

Similar News