കേരളത്തിനുണ്ടായത് 31,000 കോടി രൂപയുടെ നഷ്ടമെന്ന് യു.എന്‍

ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

Update: 2018-10-26 10:12 GMT
Advertising

പ്രളയംമൂലം കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ട്. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്ന് യു.എന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

യു.എന്‍ സംഘത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍ റസിഡന്‍റ് കോഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. വിവിധ മേഖലകളിലായി കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാന്‍ യു.എന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും യു.എന്‍ സഹായിക്കും. യു.എന്‍ കണക്ക് പ്രകാരം ഗതാഗതമേഖലയില്‍ 10,046 കോടിയുടേയും, ഭവന നിര്‍മാണ മേഖലയില്‍ 5,443 കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷി, മത്സ്യബന്ധനം, കന്നുകാലി സമ്പത്ത് മേഖലയില്‍ 4,498 കോടി, ആരോഗ്യം 600 കോടി തുടങ്ങിയ എല്ലാ മേഖലകളിലും വന്‍ നാശനഷ്ടമുണ്ടായെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Full View

പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പുനര്‍നിര്‍മ്മാണത്തില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

Similar News