കള്ളനോട്ട് പ്രിന്റ് ചെയ്ത് മാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
അനു വര്‍ഗീസിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റര്‍, 2000, 500, 200 എന്നീ നോട്ടുകളുടെ കോപ്പിയെടുത്ത പേപ്പറുകള്‍ എന്നിവ കണ്ടെത്തി.
ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ ശേഷം കള്ളനോട്ട് പ്രിന്റ് ചെയ്ത് മാറാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലകെട്ടിയമ്പലം പുളിമൂട്ടില്‍ അനു വര്‍ഗീസിനെയാണ് കായംകുളം സിഐ കെ സദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനു വര്‍ഗീസിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റര്‍, 2000, 500, 200 എന്നീ നോട്ടുകളുടെ കോപ്പിയെടുത്ത പേപ്പറുകള്‍ എന്നിവ കണ്ടെത്തി.
കൃഷ്ണപുരത്ത് ഇതര സംസ്ഥാനക്കാർ ബലൂൺ കച്ചവടം ചെയ്യുന്ന കടയിൽ എത്തിയ അനു വർഗ്ഗീസ് 2000 രൂപയുടെ നോട്ട് നൽകി നൂറ് രൂപയുടെ ബലൂണ്‍ വാങ്ങി. ബാക്കി 1900 രൂപ വാങ്ങി മടങ്ങുകയും ചെയ്തു. എന്നാല്‍ കച്ചവടക്കാരന്‍ തൊട്ടടുത്ത കടയില്‍ ഈ നോട്ട് മാറാന്‍ ശ്രമിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. അടുത്തദിവസവും 2000 രൂപയുമായി ബലൂണ്‍ വാങ്ങാന്‍ എത്തിയതോടെ ഇയാളെ കച്ചവടക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
കായംകുളം പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ വച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തതെന്ന് അനു വർഗ്ഗീസ് കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രിന്ററും 2000, 500 ,200 എന്നീ നോട്ടുകളുടെ കോപ്പിയെടുത്ത പേപ്പറുകളും കണ്ടെത്തി. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ എത്തിയത്.