‘പ്രതിമയുടെ കണ്ണില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാണുന്ന വന്‍ കാമറ, ചിപ്പുകള്‍, ഭൂകമ്പം തടയും...’
വെറുതെ 3000 കോടി രൂപ ചെലവഴിച്ചതല്ല, പ്രതിമക്ക് ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ഷിബുലാല്‍ജി പറയുന്നു. പ്രതിമയുടെ കണ്ണില്‍ അത്യാധുനിക ഗൂഗിള്‍ കാമറയാണുള്ളത്.
ഗുജറാത്തില്‍ 3000 കോടി രൂപ മുടക്കി സര്‍ദാര്‍ പട്ടേലിന്റെ ഭീമന്‍ പ്രതിമ നിര്‍മിച്ചതിന് ബി.ജെ.പിക്കെതിരെ വന്‍ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഭവനരഹിതരും ദാരിദ്ര്യം പേറുന്നവരുമായി ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന ഇന്ത്യയെന്ന വികസിത രാജ്യത്ത് 3000 കോടി രൂപ പൊടിച്ച് ഒരു പ്രതിമ നിര്‍മിച്ചതിനെയാണ് സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുന്നത്. ഇതില്‍ ഷിബുലാല്‍ജിയെന്ന പ്രമോദ് മോഹന്‍ തകഴിയുടെ ട്രോളാണ് വൈറലായിരിക്കുന്നത്. മുമ്പ് പെട്രോള്‍ വില വര്‍ധനയില്‍ വ്യത്യസ്ത ട്രോളിലൂടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തറപറ്റിച്ച ഷിബുലാല്‍ജിയാണ് പ്രതിമ വിഷയത്തിലും ബി.ജെ.പിക്ക് നേരെ പരിഹാസം ചൊരിയുന്നത്.
വെറുതെ 3000 കോടി രൂപ ചെലവഴിച്ചതല്ല, പ്രതിമക്ക് ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ഷിബുലാല്‍ജി പറയുന്നു. പ്രതിമയുടെ കണ്ണില്‍ അത്യാധുനിക ഗൂഗിള്‍ കാമറയാണുള്ളത്. കാമറയുടെ ശേഷി ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ ഏകദേശം മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കാന്‍ തക്ക ശേഷിയാണ് കാമറയുടെ ലെന്‍സിനുള്ളത്. ഒരു ലക്ഷം പട്ടാളക്കാരെങ്കിലും വേണ്ടി വരുന്ന ജോലി ഇനി ഈ കാമറയിലൂടെ ചെയ്യാനാകും. അടുത്തത് പ്രതിമയിലെ ചിപ്പുകളാണ്. ഈ ചിപ്പുകള്‍ കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ച് മുന്നറിയിപ്പുകള്‍ നല്‍കും. പ്രതിമയുടെ ഭാരത്തിലുമുണ്ട് ഗുണം. 126816 ടണ്‍ ആണ് പ്രതിമയുടെ ഭാരം. ഗുജറാത്ത്, രാജസ്ഥാന്‍, തിരുപ്പതി എന്നിവങ്ങളിലൊക്കെ ഭൂകമ്പം ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ് ഈ ഭാരം.
പട്ടിണിപാവങ്ങളുടെ നാട്ടില്‍ കാക്കക്ക് കാഷ്ഠിക്കാനാണോ ഈ 3000 കോടി രൂപയുടെ പ്രതിമയെന്ന് പരിഹസിക്കുന്നവര്‍ക്കുമുണ്ട് ഷിബുലാല്‍ജിയുടെ മറുപടി. ഒരു കാക്കക്ക് പരമാവധി സഞ്ചരിക്കാവുന്ന ഉയരം 175 മീറ്ററാണ്. ഇതേസമയം, ഈ പ്രതിമക്ക് 182 മീറ്റര്‍ ഉയരമുണ്ട്. അതുകൊണ്ട് തന്നെ കാക്കക്ക് പ്രതിമയുടെ മുകളില്‍ പോയി ഇരുന്ന് കാഷ്ഠിക്കാനാകില്ല. പിന്നെ പരുന്തിന് സാധിക്കും. പരുന്ത് പക്ഷേ നമ്മുടെ സ്വന്തമല്ലേയെന്നും ഷിബുലാല്‍ജി പറയുന്നു.
ആ പ്രതിമക്ക് എങ്ങനെ 3000 കോടി ചിലവ് വന്നു ?? മറുപടി എണ്ണി എണ്ണി പറയുന്നു
Posted by Pramod Mohan Thakazhi on Wednesday, October 31, 2018