കരിപ്പൂരില്‍ ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴ
ഓട്ടോറിക്ഷകള്‍ക്ക് ടോള്‍ ബൂത്തിനടുത്തായി പ്രത്യേക പാസേജ് ഉണ്ടാക്കുമെന്നും ആളുകളുമായി വരുന്ന ഓട്ടോകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനെതിരെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍ പരാതി നല്‍കിയിട്ടുണ്ടന്നും ഡയറക്ടര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇനി മുതല്‍ ഓട്ടോ റിക്ഷകള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴയടക്കണമെന്നാണ് നിര്‍ദ്ദേശം. വിമാനത്താവളത്തിന് പുറത്ത് ഓട്ടോറിക്ഷകള്‍ക്കായുള്ള പ്രത്യേക സ്ഥലം പരിമിതപ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. തീരുമാനം സാധാരണക്കാരായ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോകള്‍ക്ക് പ്രവേശനമില്ലെന്നും അതിക്രമിച്ച് കടന്നാല്‍ 3000 രൂപ പിഴ നല്‍കണമെന്നുമുള്ള ബോര്‍ഡ് ആണ് എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഓട്ടോ തൊഴിലാളികളും ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന സാധാരണക്കാരുമാണ് ദുരിതത്തിലായത്. ദൂരദിക്കില്‍ നിന്ന് ഓട്ടോ വിളിച്ച് എത്തിയ പലരേയും ഗൈറ്റില്‍ ഇറക്കി വിടുകയായിരുന്നു.
ഓട്ടോകള്‍ ഗെയിറ്റിന് പുറത്താകുന്നതോടെ എയര്‍പോര്‍ട്ട് ജക്ഷനില്‍ ബസ്സിറങ്ങിവരുന്നവരും. ട്രെയിനിറങ്ങി ഓട്ടോവിളിച്ച് വരുന്ന യാത്രക്കാരും ലഗേജുമായി ഒരു കിലോമീറ്ററോളം നടക്കേണ്ടി വരും. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് ടോള്‍ ബൂത്തിനടുത്തായി പ്രത്യേക പാസേജ് ഉണ്ടാക്കുമെന്നും ആളുകളുമായി വരുന്ന ഓട്ടോകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനെതിരെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍ പരാതി നല്‍കിയിട്ടുണ്ടന്നും ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.
വിമാനത്താവളത്തിനകത്തെ പോസ്റ്റ് ഓഫീസ് വിജയാ ബാങ്ക് എന്നിവിടങ്ങളിലേക്ക് ഓട്ടോകളെ ആശ്രയിച്ചിരുന്ന ജീവനക്കാരെയും തീരുമാനം പ്രതികൂലമായി ബാധിക്കും.