പത്തനംതിട്ടയിൽ വ്യാജ പ്രചരണം നടത്തുന്നവർ കലാപത്തിന് ശ്രമിക്കുകയാണെന്ന് പൊലീസ്
ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസൻ നിലക്കലിലും പമ്പയിലും നടന്ന പൊലീസ് നടപടിയുടെ ഇരയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
പത്തനംതിട്ടയിൽ അയ്യപ്പ ഭക്തൻ പൊലീസ് നടപടിക്കിടെ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നവർ കലാപത്തിന് ശ്രമിക്കുകയാണെന്ന് പൊലീസ്. കഴിഞ്ഞ മാസം 18 ന് ശബരിമല ദർശനത്തിന് വന്നയാൾ 19 ന് വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. ഇയാളാണ് 16 നും 17 നും നടന്ന പൊലീസ് നടപടിയുടെ ഭാഗമായി മരിച്ചതെന്ന് പ്രചരിപ്പിക്കുന്നതെന്ന് പത്തനംതിട്ട എസ്.പി ടി.നാരായണൻ പറഞ്ഞു.
ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസൻ നിലക്കലിലും പമ്പയിലും നടന്ന പൊലീസ് നടപടിയുടെ ഇരയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പത്തനംതിട്ട എസ്.പി രംഗത്തെത്തിയത്. നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി കലാപം ഉണ്ടാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് എസ്.പി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മാസവും ശബരിമല ദർശനം നടത്തുന്ന പന്തളം സ്വദേശി ശിവദാസൻ കഴിഞ്ഞ 18 നാണ് വീട്ടിൽ നിന്ന് ടൂ വീലറിൽ പുറപ്പെട്ടത്. ദർശനം കഴിഞ്ഞ് 19 ന് രാവിലെ 8 ന് ഇയാൾ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പിന്നീടാണ് കാണാതായത്. മൃതദേഹം ലഭിച്ച ളാഹയും നിലക്കലും തമ്മിൽ 16 കിലോമീറ്റർ ദൂരമുണ്ട്. വസ്തുത ഇതാണെന്നിരിക്കെയാണ് 16 നും 17 നും പമ്പയിലും നിലക്കലിലും നടന്ന പൊലീസ് നടപടിയുടെ ഇരയാണ് ശിവദാസനെന്ന് വ്യാജ പ്രചരണം നടത്തുന്നതെന്ന് എസ്. പി പറഞ്ഞു
അതേ സമയം ശിവദാസന്റ മരണത്തിൽ ദുരൂഹതയുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇയാളുടെ ഇരുചക്ര വാഹനം ലഭിച്ചിട്ടുണ്ട്. വാഹന അപകടമാണന്നാണ് പ്രാഥമിക നിഗമനം. അഴുകിയ നിലയിലുള്ള മൃതദേഹത്തിൽ നിന്ന് ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെ മരണകാരണം വ്യക്തമാകൂ.