വയനാട്ടിലെ കൗമാരക്കാരുടെ ആത്മഹത്യ പരമ്പര; വില്ലന്‍ ‘സൈക്കോ ചെക്കന്‍’?

Update: 2018-11-05 11:11 GMT
Advertising

വയനാട്ടില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതിന് പിന്നില്‍ ഇന്‍സ്റ്റാഗ്രാമിലെ സൈക്കോ ചെക്കന്‍ എന്ന ഗ്രൂപ്പെന്ന് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായാണ് വിവരം. തുടര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനിരിക്കുകയാണ് പൊലീസ്.

ആത്മഹത്യ ചെയ്ത രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളും ഇന്‍സ്റ്റാഗ്രാമിലെ സൈക്കോ ചെക്കന്‍ എന്ന സ്വകാര്യ ഗ്രൂപ്പിനെ പിന്തുടര്‍ന്നിരുന്നു. ഈ ഒരു സൂചന വെച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഉള്ളടക്കങ്ങളാണ് ഈ ഗ്രൂപ്പിനകത്തുള്ളത്. 12നും 18 നും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. മലയാളികള്‍ തന്നെയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായി പ്രവര്‍ത്തിച്ചിരുന്നെതെന്നും ഗ്രൂപ്പിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. വരും ദിവസങ്ങളില്‍ തന്നെ ഈ കേസില്‍ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു. പല വിധത്തിലാണ് ഈ ഗ്രൂപ്പ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നെതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ സാഹസികമായി ബൈക്ക് ഒാടിക്കാന്‍ പ്രേരിപ്പിച്ചിരുന്നെന്നും, തൂങ്ങി മരിക്കാന്‍ കഴുത്തിലിടുന്ന കുരുക്കു പോലും വിദ്ഗധമായാണ് തയ്യാറാക്കിയെതെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെയും കുരുക്കിന് സാമ്യമുണ്ടെന്നും പൊലീസ് പറയുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമാണ്.

അന്വേഷണത്തിന്റെ ഭാഗമായി മരിച്ച കുട്ടികളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ എട്ടോളം മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്ഗധ പരിശാധനകള്‍ക്കായി ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ചക്ക് ശേഷം മാത്രമേ പുറത്ത് പറയാനാകുവെന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ പറയുന്നത്. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപ്പാടുകളുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബര്‍ തെളിവുകളായതിനാല്‍ അന്വേഷണം എളുപ്പമാകുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.

Tags:    

Similar News