സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചു; പ്രശാന്ത് ഐ.എ.എസിന് 25 ലക്ഷത്തിലധികം രൂപ പിഴ
കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കാണമെന്ന് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ.
റിവര്‍ മാനേജ് ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ എന്‍.പ്രശാന്ത് ഐ.എ.എസില്‍ നിന്നും 25 ലക്ഷം രൂപ പിഴയീടാക്കണമെന്ന് ധനകാര്യവകുപ്പിന്‍റെ ശിപാര്‍ശ. പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ചട്ടവിരുദ്ധമായി വാഹനങ്ങള്‍ വാങ്ങുകയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തെന്ന കെ.എം ബഷീറിന്‍റെ പരാതിയിലാണ് നടപടി. പ്രശാന്തിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട് മീഡീയാവണിന് ലഭിച്ചു.
റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 2 ബൈലോറോ വാഹനങ്ങള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പകരമായി ഫോര്‍ഡ് ആസ്പിയര്‍ വാഹനങ്ങള്‍ വാങ്ങിയ എന്‍ പ്രശാന്ത് ഐ.എ.സിന്റെ നടപടി തെറ്റാണ്. ഒപ്പം വാഹനങ്ങള്‍ താലൂക്ക് തല മണല്‍ സ്ക്വാഡുകള്‍ക്ക് നല്‍കാതെ കാംപ് ഓഫീസില്‍ ഉപയോഗിച്ചത് ദുരൂഹമാണെന്നുമാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ പ്രധാന കണ്ടെത്തല്‍. മാത്രമല്ല വിവാദമായതോടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി വ്യക്തമാക്കി 82,680 രൂപ പ്രശാന്ത് ഐ.എ.എസ് റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് അടച്ചിരുന്നു.
ഇത്തരത്തില്‍ വാഹനം വാങ്ങിയതിലും ഉപയോഗിച്ചതിലുമൊക്കെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കിയതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 10ന് ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനില്‍കുമാര്‍ പണം പ്രശാന്ത് ഐ.എ.എസില്‍ നിന്നും തിരികെ പിടിക്കാനായുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പ്രകാരം അനുയോജ്യമല്ലാത്ത വാഹനം വാങ്ങിയതിന് മാത്രം 11,76,688 രൂപ മുന്‍ കലക്ടറില്‍ നിന്ന് ഈടാക്കണം. പതിനെട്ട് ശതമാനം പലിശയും റിക്കവര്‍ ചെയ്യണമെന്നാണ് ശുപാര്‍ശ. താലൂക്ക് മണല്‍ സ്ക്വാഡിന് അനുവദിച്ച വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് മൂലം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് ചെലവായ 2,08673 രൂപയും ഈടാക്കണം. ഇതിന് പുറമേ സര്‍ക്കാരിന് ഉണ്ടായ ഇരട്ടി ചിലവ് പിടിക്കാനാണ് തീരുമാനം.
റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ഇത്തരത്തില്‍ അധികമായി ചിലവഴിച്ച 5,52,613 രൂപയും ഈ ഇനത്തില്‍ പ്രശാന്ത് ഐ.എ.എസ് സര്‍ക്കാരിലേക്ക് നല്‍കണം. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരം.