നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നറിയാം
ഡി.ജി.പിക്ക് തിരുവനന്തപുരം റൂറല്‍ എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്.
നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി പ്രതിയായ കൊലക്കേസിലെ അന്വേഷണ സംഘത്തെ ഇന്നറിയാം. കഴിഞ്ഞ ദിവസമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാർ ഉടനെ കീഴടങ്ങുമെന്നുമെന്നാണ് സൂചന.
കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയായ ഡി.വൈ.എസ്.പിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡി.ജി.പിക്ക് തിരുവനന്തപുരം റൂറല്‍ എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനുംലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഇന്ന് അന്വേഷണ സംഘത്തെ തീരുമാനിച്ചേക്കും.
പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ അന്വേഷണ സംഘത്തിനു മുന്നിലോ പൊലീസ് സ്റ്റേഷനിലോ കീഴടങ്ങുമെന്ന സൂചനയുമുണ്ട്. പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തു നല്‍കി എന്ന ആരോപണവും ശക്തമാകുന്നുണ്ട്. ഹരികുമാറിന്റെ രാഷ്ട്രീയ ബന്ധമാണ് ഇയാളെ പിടികൂടുന്നത് വൈകിപ്പിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരാവിയിരിക്കുന്നത്. ഇയാൾ മധുരയിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പ്രതിയെ അറസ്റ്റ് ചെയ്യാത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന സംഘത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു.