എന്‍.എസ്.എസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ആലപ്പുഴയിലും കൊല്ലത്തും എന്‍.എസ്.എസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെയും കൊല്ലത്തെയും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആലപ്പുഴ കുടശ്ശനാട് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന്റെയും എന്‍.എസ്.എസ് ഹൈസ്കൂളിന്റെയും കൊടിമരത്തിൽ സാമൂഹ്യ വിരുദ്ധർ കരിങ്കൊടി കെട്ടി റീത്ത് വയ്ക്കുകയായിരുന്നു. സ്‌കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുകളിൽ കൂടി ഗ്രൗണ്ടിൽ കടന്നാണ് കൊടിമരത്തിൽ കരിങ്കൊടി കെട്ടി റീത്ത് വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊടിമരത്തിന് ചുറ്റിലും ഗേറ്റിന്റെ ഭാഗത്തും അക്രമികൾ മുളകുപൊടി വിതറിയിരുന്നു. കൊല്ലം പരവൂർ പൂതക്കുളത്തെ എന്‍.എസ്.എസ് ഓഫീസിന്റെ നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പന്തളം യൂണിയനിലെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ കുടശ്ശനാട്ട് പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. കുറ്റവാളികളെ എത്രയുംവേഗം അറസ്റ്റു ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സമീപത്തുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.