ശബരിമല നട തുറന്നപ്പോള്‍ ഭൂരിപക്ഷമാളുകളും എത്തിയത് അക്രമം ലക്ഷ്യമിട്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗം

എത്തിയവരില്‍ ബഹു ഭൂരിപക്ഷവും ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു . മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമെന്നും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Update: 2018-11-09 08:29 GMT
Advertising

ചിത്തിര ആട്ടവിശേഷ പൂജക്കായി ശബരിമല നട തുറന്നപ്പോള്‍ ഭൂരിപക്ഷമാളുകളും എത്തിയത് അക്രമം ലക്ഷ്യമിട്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗം.

എത്തിയവരില്‍ ബഹു ഭൂരിപക്ഷവും ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു . മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമെന്നും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Full View

മുന്‍വര്‍ഷങ്ങളില്‍ ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ എത്താറുള്ളത് ആയിരത്തില്‍ താഴെ ഭക്തര്‍ മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷമെത്തിയത് എണ്ണായിരത്തിലധികമാളുകളാണ്. ഇതില്‍ ഭൂരിപക്ഷമാളുകളും എത്തിയത് അക്രമം ലക്ഷ്യമിട്ട് വന്നവരാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എത്തിയവരില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് നെയ്യഭിഷേകം തുടങ്ങിയ ക്ഷേത്രാചാരങ്ങളില്‍ ഏര്‍പ്പെട്ടത്. ബാക്കിയുള്ളവര്‍ യുവതികള്‍ എത്തിയാല്‍ പ്രശ്നമുണ്ടാക്കാന്‍ എത്തിയവരാണ്. ബി.ജെ.പി സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ അഞ്ചിലധികം സംഘടനകളിലെ പ്രവര്‍ത്തകരാണ് ശബരിമലയിലെത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചു. ഇതില്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ചിത്തിര ആട്ടവിശേഷ പൂജക്കായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വലിയ സംഘര്‍മുണ്ടായിരുന്നു. ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 വയസുകാരി ലളിത യുവതിയാണെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം സംഘര്‍ഷത്തില്‍ പരിക്കേറ്റു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തകര്‍ സന്നിധാനത്ത് തങ്ങിയത്. ഇത് കണക്കിലെടുത്താണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുമെന്നും രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ചേരുന്ന ഉന്നതതല പൊലീസ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

Tags:    

Similar News