സനലിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഹോട്ടല്‍ ഉടമയ്ക്ക് ഭീഷണി

മാഹിന്‍ കൊടങ്ങവിളയില്‍ നടത്തുന്ന ഹോട്ടലില്‍ സനല്‍ എത്തിയപ്പോഴായിരുന്നു ഡി.വൈ.എസ്.പി.യുമായി വാക്കു തര്‍ക്കമുണ്ടായതും സനല്‍ കൊല്ലപ്പെട്ടതും.

Update: 2018-11-09 13:30 GMT
Advertising

നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകത്തിന് സാക്ഷിയായ ഹോട്ടല്‍ ഉടമയ്ക്ക് ഭീഷണി. സാക്ഷി പറഞ്ഞതിനു ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തിയതായി മാഹിന്‍ മീഡിയ വണിനോട് പറഞ്ഞു. നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് സനലിന്റെ അമ്മ രമണി പ്രതികരിച്ചു. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സനലിന്റെ കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും കേസിലെ പ്രതി ഡി.വൈ.എസ്.പി ബി. ഹരികുമാറിനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഇതിനിടയിലാണ് സാക്ഷി മൊഴി നല്‍കിയ ഹോട്ടല്‍ ഉടമ മാഹിനു നേരെ ഭീക്ഷണി ഉയര്‍ന്നിരിക്കുന്നത്. മാഹിന്‍ കൊടങ്ങവിളയില്‍ നടത്തുന്ന ഹോട്ടലില്‍ സനല്‍ എത്തിയപ്പോഴായിരുന്നു ഡി.വൈ.എസ്.പി.യുമായി വാക്കു തര്‍ക്കമുണ്ടായതും സനല്‍ കൊല്ലപ്പെട്ടതും. ഭീഷണിയുണ്ടെന്ന കാര്യം മാഹിന്‍ തുറന്നു പറഞ്ഞതോടെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഒരു തെറ്റും ചെയ്യാത്ത തന്റെ മകനെയാണ് കൊന്നതെന്നും കേസ് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അമ്മ രമണി പറഞ്ഞു. വേണ്ടി വന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും രമണി പറഞ്ഞു. അഞ്ചാം ദിവസവും അറസ്റ്റ് ഉണ്ടാവാത്തതിനാല്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സനലിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Tags:    

Similar News