ശബരിമല മണ്ഡലകാലം ഇനി സര്‍ക്കാരിന് പരീക്ഷണകാലം

ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം ആവര്‍ത്തിക്കുക കൂടി ചെയ്യും.

Update: 2018-11-13 13:54 GMT
Advertising

സുപ്രീംകോടതി തീരുമാനം പ്രഖ്യാപിച്ചതോടെ 16ന് തുടങ്ങുന്ന ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വലിയ പരീക്ഷണമായി മാറും. ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ സര്‍ക്കാരിന് സുരക്ഷ ഒരുക്കേണ്ടി വരും. ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം ആവര്‍ത്തിക്കുക കൂടി ചെയ്യും.

പുന:പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും സെപ്റ്റംബറിലെ വിധിക്ക് സ്റ്റേ നല്‍കാത്തതിലൂടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഹരജി പരിഗണിക്കുന്നതാകട്ടെ മണ്ഡലകാലം കഴിഞ്ഞും. ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷയൊരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശക്തമായ പൊലീസ് സന്നാഹവും ഇതിനായി ശബരിമലയില്‍ ഒരുക്കേണ്ടി വരും. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

പുന:പരിശോധാന ഹരജി വാദം കേള്‍ക്കാന്‍ എടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സംഘപരിവാര്‍ പ്രതിരോധം ശക്തമാക്കുമെന്നാണ് സാധ്യത. ചുരുക്കത്തില്‍ തുലാമാസ പൂജ സമയത്തും ആട്ട ചിത്തിര ദിവസങ്ങളിലും ഉണ്ടായതിന് സമാനമായ സാഹചര്യം മണ്ഡല മകരവിളക്ക് കാലത്തും ഉണ്ടാകും. 60 ദിവസം നീണ്ടു നില്‍ക്കുന്നതാണ് മണ്ഡല മകരവിളക്ക് കാലം. ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഈ സമയത്ത് ശബരിമലയില്‍ എത്താറുണ്ട്. സാഹചര്യത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നതാണ് ഈ രണ്ട് ഘടകങ്ങളും.

അഞ്ഞൂറിലധികം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലമകരവിളക്ക് കാലം സര്‍ക്കാരിന് പരീക്ഷണകാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.v

Tags:    

Similar News