വേദനയായി മുസ്കാൻ; ആറ് വയസുകാരിയുടെ മൃതദേഹം കബറടക്കി
കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി
എറണാംകുളം: കോതമംഗലം - നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരി മുസ്കാന്റെ മൃതദേഹം നെല്ലിക്കുന്ന് ഖബർസ്ഥാനിൽ സംസ്കരിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി. എം.എൽ.എ ആൻ്റണി ജോൺ, വാർഡ് മെമ്പർ ടി.എം. അബ്ദുൾ അസീസ്, പോലീസ് ഇൻസ്പെക്ടർ പി.ടി.ബിജോയ് തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തർപ്രദേശ് സ്വദേശി അജാസ്ഖാന്റെ മകൾ മുസ്കാനെ നെല്ലിക്കുഴിയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാൻ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.