ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചി വിമാനത്താവളത്തിലെത്തിയത്.
ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി കൊച്ചിയിലെത്തി. തൃപ്തിക്കൊപ്പം ആറംഗയുവതികളുടെ സംഘവുമുണ്ട്.
പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുമ്പില്‍ തമ്പടിച്ചിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.
എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനമൊന്നും ലഭിക്കാത്തതുകൊണ്ട് എയര്‍പോര്‍ട്ടിനകത്ത് കുടുങ്ങിയ അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവും. തൃപ്തിക്ക് വാഹനം നല്‍കില്ലെന്ന നിലപാടിലാണ് ടാക്സി ഡ്രൈവര്‍മാര്‍. ഒന്നരമണിക്കൂറായി തൃപ്തിയും സംഘവും എയര്‍പോര്‍ട്ടിലെത്തിയിട്ട്.
എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍, പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.