കാനനപാതയായ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ തീര്‍ത്ഥാടകരെ തടഞ്ഞതായി പരാതി
സന്നിധാനത്ത് നിന്നുള്ള പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്ത് നിന്ന് സത്രത്തിലെത്തിലെത്തിയ മൂന്ന് ഭക്തരെയാണ് പൊലീസ് തടഞ്ഞത്.
കാനനപാതയായ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ തീര്‍ത്ഥാടകരെ തടഞ്ഞതായി പരാതി. തിരുവനന്തപുരത്ത് നിന്നെത്തിയവരെയാണ് തടഞ്ഞത്. സന്നിധാനത്ത് നിന്നുള്ള പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാല്‍ ഒന്‍പതര മണിയോടെ ഭക്തരെ പൊലീസ് വീണ്ടും കാനനപാത കടക്കാന്‍ അനുവദിച്ചു. രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്ത് നിന്ന് സത്രത്തിലെത്തിലെത്തിയ മൂന്ന് ഭക്തരെയാണ് പൊലീസ് തടഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടിയെന്നാണ് പൊലീസ് അറിയിച്ചത്.
മടങ്ങിപോയ ഭക്തര്‍ പിന്നീട് പത്തര മണിയോടെ തിരിച്ചെത്തി. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം തീര്‍ത്തവര്‍ സത്രം കടന്നാണ് എത്തിയതെന്ന പൊലീസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ രാവിലെ മടക്കി അയച്ചത്.
പിന്നീട് ഒന്‍പത് മണിയോടെ സത്രത്തിലെത്തുന്ന മുഴുവന്‍ അയ്യപ്പ ഭക്തരെയും പൊലീസ് വീഡിയോയില്‍ ചിത്രീകരിച്ച് പേരു വിവരങ്ങള്‍ ശേഖരിച്ച് കയറ്റിവിട്ടു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കൊണ്ട് 250ല്‍ ഏറെ ഭക്തരാണ് സത്രം കടന്ന് കാനനപാത ചവിട്ടിയത്.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങിളിലെ പ്രതിഷേധങ്ങള്‍ ഭയന്നാണ് പല ഭക്തരും കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്തുന്നത്. എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധക്കാരും കാനനപാത കടന്ന് സന്നിധാനത്ത് എത്തുന്നുവെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.