നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ നടപ്പന്തലില്‍ വിശ്രമിക്കാം
ദർശനത്തിനെത്തുന്ന ഭക്തർക്ക് ശബരിമലയിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും ഐ.ജി വിജയ് സാക്കറെ
ശബരിമലയിലെ പോലീസ് നിയന്ത്രങ്ങൾ ഭാഗികമായി നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വലിയ നടപ്പന്തലിലടക്കം വിശ്രമിക്കാം. സന്നിധാനത്തെ മറ്റ് കേന്ദ്രങ്ങളിൽ ഭക്തർക്ക് വിരിവെക്കുന്നതിന് തടസമില്ലെന്നും ഐ.ജി വിജയ് സാക്കറെ വ്യക്തമാക്കി.
സന്നിധാനത്ത് മുമ്പ് നടന്ന പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും ഭക്തർക്ക് വിരിവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നടയടച്ചശേഷം സന്നിധാനത്ത് തങ്ങുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാൽ വലിയ നടപ്പന്തലിലടക്കം വിശ്രമിക്കുന്നതിനുള്ള നിയന്ത്രണം പോലീസ് നീക്കി.
ഭക്തർക്ക് വിരിവെക്കുന്നതിന് സന്നിധാനത്ത് അഞ്ചോളം കേന്ദ്രങ്ങളുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർക്ക് ശബരിമലയിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും വിജയ് സാക്കറെ പറഞ്ഞു.
സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡ് നേരത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഡി.ജി.പിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയ ചർച്ചയിലും നിയന്ത്രണം നീക്കണമെന്നാവശ്യമുയർന്നിരുന്നു.