പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണമെന്ന് ഹൈക്കോടതി
പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയല്ലോയെന്നും ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി ചോദിച്ചു.
കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയോട് 48 മണിക്കൂറിനകം വീടൊഴിയണമെന്ന് ഹൈക്കോടതി. തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്‍റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നും കോടതി നിര്‍ദേശം. ഈ മാസം 24 ന് റിപ്പോര്‍ട്ട് നല്‍കാന്‍ സ്റ്റേറ്റ് അറ്റോണിക്ക് കോടതി നിര്‍ദേശം നല്‍കി.
പ്രീത ഷാജിയെ കുടിയൊഴിപ്പിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സ്ഥലം വാങ്ങിയ ആൾ നൽകിയ കോടതി അലക്ഷ്യ ഹരജിയാണ് ഇന്ന് കോടതി പരിഗണിച്ചത്. പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയല്ലോയെന്നും ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി ചോദിച്ചു. പകരം സ്ഥലം നല്‍കാമെന്ന ഭൂമി ഏറ്റെടുത്തയാളുടെ വാഗ്ദാനം വേണമെങ്കില്‍ സ്വീകരിക്കാം. കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് സിംഗിൾ ബെഞ്ചിൽ ഹരജി നൽകിയിട്ടുണ്ട് എന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണം എന്നും പ്രീത ആവശ്യപ്പെട്ടു.
ചതിക്കുഴി
സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപക്ക് പ്രീത ഷാജിയുടെ ഭര്‍ത്താവ് വീടും പുരയിടവും ഈട് നല്‍കിയിരുന്നു. ഇത് പിന്നീട് രണ്ടുകോടിയിലധികം രൂപയുടെ കടബാധ്യതയാണ് ഈ കുടുംബത്തിന് ഉണ്ടാക്കിയത്. കൃത്രിമ കണക്കുണ്ടാക്കി എച്ച്.ഡി.എഫ്.സി ബാങ്ക് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭീമമായ തുക തിരിച്ചടക്കാന്‍ കഴിയാതായതോടെ രണ്ട് കോടി വിലമതിക്കുന്ന വസ്തു ലേലത്തില്‍ വിറ്റു. റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപെട്ട് രണ്ട് കോടിയുടെ വസ്തു 30 ലക്ഷത്തിന് വിലക്ക് വാങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം