കളമശേരി നഗരസഭാ അധ്യക്ഷ ജെസി പീറ്റര്‍ രാജിവെച്ചു

നഗരസഭാ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതിനിടെയായിരുന്നു രാജി. നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കേണ്‍ഗ്രസ് ജില്ലാ നേതൃത്വം ജെസി പീറ്ററോട് ആവശ്യപ്പെട്ടിരുന്നു.

Update: 2018-11-21 13:24 GMT
Advertising

കളമശേരി നഗരസഭാ അധ്യക്ഷ ജെസി പീറ്റര്‍ രാജിവെച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നേരത്തേ ജെസി പീറ്ററോട് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും നീണ്ടനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് രാജിക്കത്ത് കൈമാറിയത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും കൌണ്‍സിലര്‍ എന്നരീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും ജെസി പീറ്റര്‍ പ്രതികരിച്ചു.

Full View

ഇന്ന് വൈകുന്നേരത്തോട് കൂടി രാജിവെക്കുമെന്ന് ജെസി പീറ്റര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കളമശേരി നഗരസഭയില്‍ നേതൃമാറ്റത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് രാജി തീരുമാനം. നഗരസഭാ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതിനിടെയായിരുന്നു രാജി. നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കേണ്‍ഗ്രസ് ജില്ലാ നേതൃത്വം ജെസി പീറ്ററോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെടാതെ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടായിരുന്നു ജെസി പീറ്റര്‍ നേരത്തേ സ്വീകരിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് എ -ഐ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് മൂന്ന് കൗൺസിലർമാർ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ് വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഭരണ സമിതി എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമാണ് ഐ ഗ്രൂപ്പിലെ അംഗങ്ങള്‍ ഉന്നയിച്ചത്. ഇതോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. എന്നാല്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടര വര്‍ഷം കാലാവധി നിശ്ചയിച്ചാണ് ജെസി പീറ്ററെ നഗരസഭാ അധ്യക്ഷയാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ജെസി പീറ്ററെ നഗരസഭാ അധ്യക്ഷയാക്കുന്നതിനെതിരെ എ - ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തേയും തര്‍ക്കം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വെക്കേണ്ടി വന്നിരുന്നു. ഐ ഗ്രൂപ്പിലെ റുഖിയ ജമാൽ പുതിയ നഗരസഭാ അധ്യക്ഷ ആകാനാണ് സാധ്യത.

Tags:    

Similar News