ബന്ധുവിന് മന്ത്രി കെ.ടി ജലീല്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്തിരുന്നതായി യൂത്ത് ലീഗ്
ക്രമക്കേടുകള്‍ മനസിലാകാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് പി. കെ ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രി മൌനം പാലിക്കുന്നു...
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ നിയമിച്ച ബന്ധുവിന് മന്ത്രി കെ.ടി ജലീല്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് യൂത്ത് ലീഗ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെ.ടി അദീബ് ബാങ്കില്‍ നിന്ന് രാജിവച്ചിരുന്നു. മന്ത്രി അവകാശപ്പെട്ട വേതനം ബാങ്കില്‍ നിന്ന് അദീബിന് ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖയും സംസ്ഥാന പ്രഡിഡന്‍റ് പി.കെ ഫിറോസ് പുറത്തുവിട്ടു.
ബന്ധു നിയമനത്തിലെ ക്രമക്കേടുകള്‍ ഇനിയും മനസിലാകാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. കെടി അദീബിന് സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ലഭിക്കുന്നതായി മന്ത്രി പറഞ്ഞ ശമ്പള കണക്ക് പോലും തെറ്റാണെന്ന് തെളിഞ്ഞതായി സാലറി സ്ലിപ് ഹാജരാക്കി ഫിറോസ് ആരോപിച്ചു. അദീബ് സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് രാജിവെച്ചിരുന്നതായുള്ള പുതിയ ആരോപണം ഉയര്‍ത്തിയ യൂത്ത് ലീഗ്, ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഈ രാജിക്കത്ത് അടക്കമുള്ള രേഖകള്‍ പൂഴ്ത്തിയതായും കുറ്റപ്പെടുത്തി.
വിവരാവകാശ നിയമപ്രകാരം ഫയലുകള്‍ കാണാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. വിഷയത്തില്‍ മൌനം പാലിക്കുന്ന മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയേണ്ടി വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.