പി.കെ ശശി നയിക്കുന്ന പ്രചരണ ജാഥ ഇന്ന് സമാപിക്കും

ജാഥ അവസാനിക്കുന്നതോടെ ശശിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് സി.പി.എം കടക്കുമെന്നാണ് ലഭ്യമായിട്ടുള്ള വിവരം

Update: 2018-11-25 02:37 GMT
Advertising

സി.പി.എം സംസ്ഥാന സമിതി യോഗം നാളെ ചേരാനിരിക്കെ പി.കെ. ശശി എം.എല്‍.എ നയിക്കുന്ന സി.പി.എമ്മിന്റെ പ്രചാരണ ജാഥ ഇന്ന് സമാപിക്കും. പ്രചാരണ ജാഥ നടക്കുന്നതിനാല്‍ വെള്ളിയാഴ്ചത്തെ സംസ്ഥാന സമിതി യോഗം പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നില്ല.

പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് സി.പി.എം നേതൃത്വം ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ നായകനായി പി.കെ ശശി എം.എല്‍.എ യെ നിയോഗിച്ചത്. പക്ഷേ സ്ത്രീ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ സംസ്ഥാന തലത്തില്‍ തന്നെ സി.പി.എമ്മിന് ഇത് തിരിച്ചടിയുണ്ടാക്കിയെന്ന് സി.പി.എം സഹയാത്രികരില്‍ ചിലര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പ് ജാഥയില്‍ പ്രതിഫലിച്ചുവെന്ന് കരുതുന്നവരുമുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ യോഗത്തില്‍ ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം ചന്ദ്രന്‍, പാലക്കാട് ജില്ലയിലുണ്ടായിരുന്നിട്ടും യോഗത്തിനെത്താതെ വിട്ടു നിന്നതും വലിയ ചര്‍ച്ചയായി.

Full View

ജാഥ അവസാനിക്കുന്നതോടെ ശശിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് സി.പി.എം കടക്കുമെന്നാണ് ലഭ്യമായിട്ടുള്ള വിവരം. വാണിയംകുളം, കൂനത്തറ, കാരക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുളപ്പുള്ളിയിലാണ് ജാഥ സമാപിക്കുക.

Tags:    

Similar News