അടുത്ത മണ്ഡലകാലത്തിന് മുമ്പ് മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തില്‍ ദേവസ്വം ബോര്‍ഡ്
നിലക്കലിൽ സൗകര്യങ്ങൾ വർധിപ്പിച്ച് ബേസ് ക്യാമ്പ് വിപുലീകരിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ മണ്ഡലകാലം കഴിഞ്ഞയുടൻ ആരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
അടുത്ത മണ്ഡലകാലത്തിന് മുമ്പ് ശബരിമല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലക്കലിൽ സൗകര്യങ്ങൾ വർധിപ്പിച്ച് ബേസ് ക്യാമ്പ് വിപുലീകരിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ മണ്ഡലകാലം കഴിഞ്ഞയുടൻ ആരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിനായി വനം വകുപ്പിൽ നിന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
2007 മുതൽ ദേവസ്വം ബോർഡിന്റെ മുന്നിലുള്ള ശബരിമല മാസ്റ്റർ പ്ലാനിലും നിലക്കലാണ് ബേസ് ക്യാമ്പായി പരിഗണിക്കുന്നത്. വർഷങ്ങളെടുത്ത് പണി പൂർത്തിയാക്കേണ്ട മാസ്റ്റർ പ്ലാനിലെ പല നിർദേശങ്ങളും, പ്രളയം കാരണം താൽക്കാലികമായാണെങ്കിലും, വെറും രണ്ടു മാസം കൊണ്ടാണ് നിലക്കലിൽ പ്രവർത്തന സജ്ജമാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് വരും വർഷങ്ങളിലും മാസ്റ്റർ പ്ലാനിലെത് പോലെ സൗകര്യങ്ങൾ വിപുലീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിന് കൂടുതൽ സ്ഥലം ആവിശ്യമായതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി ബോർഡ് കാത്തിരിക്കുകയാണ്. ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ വിപുലമായ പദ്ധതികളും ബോർഡ് ആലോചിക്കുന്നുണ്ട്.
അടുത്ത മണ്ഡലകാലത്ത് തന്നെ ബേസ് ക്യാമ്പിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ, ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റും താമസിക്കാനുള്ള റസിഡൻഷ്യൽ കോംപ്ലക്സ്, വ്യാപാര കെട്ടിടങ്ങൾ, ഹോട്ടലുകൾ എന്നിവയും ഉടൻ ഒരുക്കേണ്ടതായിട്ടുണ്ട്. ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയിലേറെ ശുചിമുറികളും വിപുലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തേണ്ടി വരും. എന്നാൽ മാസ്റ്റർ പ്ലാൻ അന്തിമ രൂപമാക്കി സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള തീവ്ര ശ്രമത്തിലാണ് ദേവസ്വം ബോർഡ്.