സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്
പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്
സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞമാസം മാത്രം ഇരുപത്തിനാല് പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ രണ്ട് മരണങ്ങളാണ് ഇന്നലെ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നവംബറില്‍ മാത്രം 9 എച്ച് വണ്‍ എന്‍ വണ്‍ മരണമുണ്ടായി. ഈ വര്‍ഷം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല്‍പതിലധികം മരണമുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. സ്വകാര്യ ആശുപത്രിയിലെ പനി മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതില്‍ കൂടുതല്‍ വരും. ഓഗസ്റ്റ് മുതലാണ് എച്ച് വണ്‍ എന്‍വണ്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. നവംബറോടെ ഇത് വ്യാപകമായി. എച്ച് വണ്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. രോഗിയില്‍ നിന്ന് വായുവിലൂടെയാണ് രോഗം പടരുന്നത്. പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.